ന്യൂഡൽഹി: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായഭരണഘടനാ ബെഞ്ച് മൂന്ന് സുപ്രധാന വിഷയങ്ങളിൽ വാദം കേൾക്കാൻ തീയതി നിശ്ചയിച്ചു.കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും തമ്മിൽ തലസ്ഥാനത്തെ ഭരണപരമായ അധികാരങ്ങൾ സംബന്ധിച്ച തർക്കത്തിൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നതിനുള്ള താത്ക്കാലിക തീയതിയായി 2022 ഒക്ടോബർ 11 നിശ്ചയിച്ചതായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.
വാദം കേൾക്കുന്നതിനുള്ള സമയപരിധിയും നടപടിക്രമങ്ങളും നിശ്ചയിക്കുന്നതിനായി കേസ് സെപ്തംബർ 27 ന് ലിസ്റ്റ് ചെയ്തു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് സാമ്പത്തിക സംവരണം സംബന്ധിച്ച ഹർജികളിൽ സെപ്തംബർ 13ന് വാദം കേൾക്കാൻ തുടങ്ങുമ്പോൾ ദേശീയ തലസ്ഥാനത്തെ അധികാരം സബന്ധിച്ച ഹർജികളിൽ ഹാജരാകേണ്ട അഭിഭാഷകർ സാമ്പത്തിക സംവരണം സംബന്ധിച്ച വാദം കേൾക്കലിലും ഹാജരാകേണ്ടി വരുന്നത് കൊണ്ട് 27ന് വാദം തുടങ്ങുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇനി മുതൽ ‘ഗ്രീൻ ബെഞ്ച്” ആയിരിക്കുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. പേപ്പറുകളും മറ്റ് രേഖകളുമായി അഭിഭാഷകർ വാദിക്കാനെത്തരുതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സുപ്രീംകോടതി രജിസ്ട്രിക്കും ഐ.ടി സെല്ലിനും അഭിഭാഷകർക്കും പരിശീലനം നൽകും. ഡൽഹി – കേന്ദ്ര സർക്കാരുകളുടെ അധികാരത്തർക്കം സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഈ നിർദ്ദേശം നൽകിയത്.
ഡൽഹി – കേന്ദ്ര സർക്കാർ തർക്കം സംബന്ധിച്ച ഹർജികളിൽ വാദം കേൾക്കുന്ന തീയതി ഒക്ടോബർ 11ന് നിശ്ചയിച്ചപ്പോൾ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഒരു ചെറിയ പ്രശ്നമുണ്ടെന്ന് അറിയിച്ചുകൊണ്ട് തന്റെ കാലാവധി സെപ്തംബർ 30 വരെ മാത്രമാണെന്ന് ധരിപ്പിച്ചു. എന്നാൽ, ആർട്ടിക്കിൾ 142 പ്രകാരമുള്ള ഈ കോടതിയുടെ അധികാരങ്ങൾ നിങ്ങൾ കാണുന്നില്ലെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി. സുപ്രീംകോടതിക്ക് വിശാല അധികാരങ്ങളുണ്ടെന്നും അതുപയോഗിച്ച് ഈ വിഷയത്തിൽ സഹായം ആവശ്യപ്പെടാമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. തനിക്ക് ഇക്കാര്യത്തിൽ ഒരു ഹർജിക്കാരനാകാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഭിപ്രായപ്പെട്ടു. അറ്റോർണി ജനറൽ സ്ഥാനത്ത് വേണു ഗോപാൽ തുടരണമെന്ന പരോക്ഷ സൂചനയായിരുന്നു കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്.
ശിവസേനയിലെ പിളർപ്പും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിസന്ധികളും സംബന്ധിച്ച കേസുകൾ ഒന്നിച്ച് സെപ്തംബർ 27ന് ഭരണഘടനാ ബെഞ്ച് വാദം കേൾക്കും. 2020ലെ 104 വകുപ്പ് ഭരണഘടന ഭേദഗതിയിലൂടെ എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് നിയമസഭകളിലും ലോകസഭയിലുമുള്ള സംവരണം 10 വർഷം നീട്ടിയ നടപടിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജികൾ നവംബർ 1ന് ഭരണഘടന ബെഞ്ച് വാദം കേൾക്കും.
ശിവസേനയിലെ പിളർപ്പിനെ തുടർന്ന് പാർട്ടി ചിഹ്നം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ തീരുമാനമെടുക്കരുതെന്ന ആവശ്യത്തിൽ ഉത്തരവിറക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ കേസുകൾ ഒന്നിച്ച് സെപ്തംബർ 27ന് ഭരണഘടനാ ബെഞ്ച് വാദം കേൾക്കുമ്ബോൾ ചിഹ്നം മരവിപ്പിക്കരുതെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണമോയെന്ന് അന്ന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

