ഓണം മഴയില്‍ മുങ്ങും

തിരുവനന്തപുരം: ഓണക്കാലം മഴയില്‍ മുങ്ങുമെന്ന സൂചന നല്‍കി കാലാവസ്ഥാ ഗവേഷകര്‍. ദക്ഷിണേന്ത്യയില്‍ വ്യാപകമായ ചക്രവാതച്ചുഴിയുടെ ഭാഗമായി ഇന്നു മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയ്ക്കു സാധ്യത. തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളുടെ കിഴക്കന്‍ മലയോരഭാഗങ്ങളിലാണു മഴ കനക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില്‍ ഇന്നും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട്. ബാക്കിയുള്ളിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

ഒന്‍പതു വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. പടിഞ്ഞാറന്‍ കാറ്റ് ശക്തമായതും മഴയുടെ ശക്തി ഇരട്ടിയാക്കുന്നു. പത്തുവരെ പരക്കെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രത്തിന്റെ നിഗമനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴയ്ക്കു ശമനമുണ്ടാകും. ഏഴ്, എട്ട് തീയതികളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദവും ഉടലെടുക്കാനിടയുണ്ട്. ഇതു മൂലം വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും.

മണിക്കൂറില്‍ അഞ്ച് സെന്റമീറ്റര്‍ വരെ മഴയുണ്ടാക്കുന്ന ലഘു മേഘവിസ്ഫോടനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സാധ്യതയുണ്ടെന്ന് കുസാറ്റ് റഡാര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ.എസ്. അഭിലാഷ് പറഞ്ഞു. പെട്ടെന്നുണ്ടാകുന്ന അതീതീവ്രമഴ മണ്ണൊലിപ്പിനും മലവെള്ളപ്പാച്ചിലിനും ഇടയാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →