കോട്ടയം:.കോട്ടയത്ത് സ്ഥിരം കുറ്റവാളികളായ ഏഴു പേരുടെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു.. ഒപ്പം കാപ്പാ നിയമം ചുമത്തി ഒരാളെ ജില്ലയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. മീനച്ചിൽ സ്വദേശി ഇരുട്ട് ജോമോൻ, കടപ്ലാമറ്റം സ്വദേശി രാജു,രാമപുരം സ്വദേശികളായ അഖിൽ തോമസ്, അസിൻ ജെ അഗസ്തിൻ,കൊല്ലപ്പളളി സ്വദേശി ദീപ് ജോൺ,അതിരമ്പുഴ സ്വദേശി ആൽബിൻ കെ ബോബൻ,ഐമനം സ്വദേശി ലോജി എന്നിവരെയാണ് ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചത്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇരുട്ടു ജോമോനെതിരെ വധശ്രമം ഉൾപ്പെടെ എട്ടു കേസുകളുണ്ട്. രാജു വധശ്രമം ഉൾപ്പെടെ ഏഴു കേസുകളിലെ പ്രതിയാണ്.മറ്റ് പ്രതികൾക്കെതിരെയും മോഷണവും പിടിച്ചു പറിയും വീട് കയറി ആക്രമണവും ഉൾപ്പെടെയുളള കേസുകൾ നിലനിൽക്കുന്നു.
ജാമ്യത്തിൽ ഇറങ്ങിയ ശേഷവും കുറ്റകൃത്യങ്ങൾ ആവർത്തിച്ചതോടെയാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഉത്തരവിട്ടത്. നാഗമ്പടം സ്വദേശി വർണൻ എന്ന വർണ സുതനെയാണ് കാപ്പ നിയമം ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കിയത്. മുപ്പത് വയസുകാരനായ വർണസുതൻ കഞ്ചാവ് വിൽപന മുതൽ സ്ത്രീകൾക്കെതിരായ ആക്രമണം വരെ പതിവാക്കിയ സാഹചര്യത്തിലാണ് ഒരു വർഷത്തേക്ക് ജില്ലയിൽ നിന്ന് പുറത്താക്കി കൊണ്ടുളള ഉത്തരവ് ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ചത്

