കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി കൂപ്പൺ അനുവദിച്ച് അധികൃതർ

തിരുവനന്തപുരം: ശമ്പളം മുടങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്ക് സപ്ലൈകോ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ എന്നിവയിൽ നിന്ന് സാധനം വാങ്ങാമെന്ന് അധികൃതർ. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിനാനുപാതികമായാണ് കൂപ്പൺ അനുവദിക്കുക. താൽപര്യമുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ, ഹോർട്ടികോർപ്, ഹാൻഡക്സ്, ഹാൻവീവ്, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് കൂപ്പൺ ഉപയോഗിച്ച് ജീവനക്കാർക്ക് സാധനങ്ങൾ വാങ്ങാം. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ജില്ലാ അധികാരികൾ ഒരുക്കണമെന്ന് എംഡി അറിയിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക്‌ അടിയന്തിര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്കുള്ള ജൂലൈ ആഗസ്റ്റ് മാസത്തെ ശമ്പളം ഈ മാസം 6 ന് മുൻപ് നൽകണമെന്നും ഇതിനായി സർക്കാർ 50 കോടിരൂപ അടിയന്തരമായി നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശമ്പളത്തിൻറെ മൂന്നിലൊന്ന് ഭഗമാണ് ആദ്യഘട്ടം നൽകേണ്ടത്.

ബാക്കി തുക കൂപ്പണുകളും വൗച്ചറുകളുമായി നൽകാനും ഹൈക്കോടതി നിർദേശിച്ചു. കൂപ്പണും വൗച്ചറുകളും ആവശ്യമില്ലാത്തവർക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം കുടിശികയായി നിലനിർത്തുമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ, മാവേലി സ്റ്റോർ, കൺസ്യൂമർഫെഡ് ഉൾപ്പടെ സംസ്ഥാന സർക്കാരിൻറെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളുടെ കൂപ്പണുകളാണ് നൽകേണ്ടത്. നേരത്തെ ഹർജി പരിഗണിക്കവേ 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →