തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന് ലഭിച്ചത് ബന്ധു നിയമനമെന്ന് ആരോപണം. ഇതു നിഷേധിച്ച സുരേന്ദ്രന്‍ മകന് യോഗ്യതയുള്ളത് കൊണ്ടാണ് നിയമനം കിട്ടയതെന്ന് മറുപടി നല്‍കി.കേരളത്തിലെ ബന്ധുനിയമനങ്ങളില്‍ ഭരണകക്ഷിയായ സി.പി.എമ്മിനെതിരേ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി. മുന്നിട്ടിറങ്ങുന്നതിനിടെയാണ് സുരേന്ദ്രനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ ഒരു തസ്തിക പ്രത്യേകമായി ഉണ്ടാക്കി സുരേന്ദ്രന്റെ മകനായ കെ.എസ്. ഹരികൃഷ്ണനെ നിയമിക്കുകയായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്.
ഹരികൃഷ്ണനെ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലാണ് നിയമിച്ചത്. അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ എഴുപതിനായിരം രൂപയാണ് പരിശീലന കാലയളവില്‍ ലഭിക്കുന്നത്. നിലവില്‍ വിദഗ്ധ പരിശീലനത്തിന് ഡല്‍ഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് ഹരികൃഷ്ണനെ അയച്ചതായാണ് വിവരം. തസ്തികയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സ്ഥാപനം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍.ജി.സി.ബി. കേരളത്തിലെ പ്രധാന ഗവേഷണ സ്ഥാപനമാണ്. കനത്ത ശമ്പളം നല്‍കുന്ന പദവികളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ടെക്നിക്കല്‍ ഓഫീസറടക്കം മൂന്ന് ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നത്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി തസ്തികയിലേക്ക് ബി.ടെക് മെക്കാനിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിര്‍ദേശിച്ചിരുന്നത്. എം.ടെക് ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിരുന്നു. പിന്നാക്ക വിഭാഗത്തിനായാണ് തസ്തിക സംവരണം ചെയ്തത്. മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് നിയമിച്ചിരുന്നത്. സുരേന്ദ്രന്റെ മകന്റെ യോഗ്യതയ്ക്ക് അനുസരിച്ച് തസ്തിക ഉണ്ടാക്കിയെന്നാണ് മറ്റ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്.
മൂന്നു ഘട്ടങ്ങളിലായി പരീക്ഷാ നടപടികള്‍ ധൃതിയില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ 48 ഉദ്യോഗാര്‍ഥികളെ പരീക്ഷയ്ക്ക് ക്ഷണിച്ചു. ഏപ്രില്‍ 25ന് രാവിലെ ഒന്നാം ഘട്ട പരീക്ഷയും ഉച്ചകഴിഞ്ഞ് രണ്ടാം ഘട്ട വിവരണാത്മക പരീക്ഷയും നടന്നു. ഇതില്‍ യോഗ്യത നേടിയ നാല് പേരെ പിറ്റേന്ന് ലാബ് പരീക്ഷയ്ക്കും ക്ഷണിച്ചു. ഇവരില്‍ നിന്നാണ് ഹരികൃഷ്ണനെ നിയമിച്ചത്. ഒറ്റ രാത്രികൊണ്ട് 48 പേരുടെ ഉത്തരക്കടലാസുകള്‍ പരിശോധിച്ചോ എന്നാണ് മറ്റ് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്. റാങ്ക് പട്ടികയെക്കുറിച്ചോ മറ്റ് കാര്യങ്ങളോ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അന്വേഷിച്ചിട്ട് വിവരമൊന്നും ലഭിക്കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
മകന്റെ നിയമനത്തില്‍ അസ്വഭാവികതയില്ലെന്ന് കെ. സുരേന്ദ്രന്‍ ആലപ്പുഴയില്‍ പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പൂര്‍ണമായും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം നടന്നത്. അതിന് വേണ്ടി ഒരു ഇടപെടലും നടന്നിട്ടില്ല. തന്റെ മകനാണ് ജോലി ലഭിച്ചതെന്ന് നിയമനം കഴിഞ്ഞു മാത്രമാണ് ആ സ്ഥാപനത്തിലെ അധികൃതര്‍പോലും അറിയുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

