വിക്രാന്ത് സമുദ്രവെല്ലുവിളികള്‍ക്ക് ഇന്ത്യയുടെ ഉത്തരം: പ്രധാനമന്ത്രി

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായ ഐ.എന്‍.എസ്. വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. രാജ്യം പുതിയ സൂര്യോദയത്തിനു സാക്ഷിയാകുകയാണെന്നും ഇന്ത്യ നേരിടുന്ന സമുദ്ര വെല്ലുവിളിക്ക് ഉത്തരമാണ് വിക്രാന്ത് എന്നും കമ്മിഷനിങ്ങിനു മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.20,000 കോടി രൂപ മുടക്കി, കൊച്ചി കപ്പല്‍ശാലയില്‍ പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പലാണ് വിക്രാന്ത്. ”ആത്മനിര്‍ഭര്‍ ഭാരതിന്റെ സഫലീകൃതമായ പ്രതീകമാണിത്. വിക്രാന്ത് കേവലം ഒരു യുദ്ധക്കപ്പലല്ല. ഇന്ത്യയുടെ പ്രതിഭയും പ്രഭാവവും പ്രതിബദ്ധതയുമാണ്. ആസാദി കാ അമൃതിലെ അതുല്യനേട്ടമാണ്. ഭാരതത്തിന്റെ ശക്തമായ പ്രതീകം. മെയ്ക്ക് ഇന്‍ ഇന്ത്യ എന്നതിനൊപ്പം മെയ്ക്ക് ഫോര്‍ വേള്‍ഡ് എന്നതുകൂടി ലക്ഷ്യമാകണം. ഒരു ലക്ഷ്യവും അസാധ്യമല്ലെന്നാണ്വിക്രാന്ത് തെളിയിക്കുന്നത്. പുതിയ അതിശക്തമായ ഇന്ത്യയുടെ ചിത്രമാണ് ഇതിലൂടെ തെളിയുന്നത്.
മുന്‍കാലങ്ങളില്‍ വികസിത രാജ്യങ്ങള്‍ക്കു മാത്രമേ ഇതുപോലെ ബൃഹത്തായ കപ്പലുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ടായിരുന്നുള്ളൂ.

ഇപ്പോള്‍ ആ നേട്ടം ഇന്ത്യയും കൈവരിച്ചു. ഇതിലെ ഓരോ ഉപകരണവും തദ്ദേശീയമായി നിര്‍മിച്ചതിലും അഭിമാനമേറെയാണ്.കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യക്കു നഷ്ടമായ ഊര്‍ജമാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷമാഘോഷിക്കുന്ന വേളയില്‍ നാം തിരിച്ചുപിടിക്കുന്നത്. മൗര്യന്‍മാര്‍ തൊട്ട് ഗുപ്തകാലംവരെ ഇന്ത്യന്‍ നാവികശക്തി പ്രസിദ്ധമായിരുന്നു.ഛത്രപതി ശിവജി മഹാരാജ് ശക്തമായ നാവികസേനയ്ക്ക് രൂപംകൊടുക്കുകയുണ്ടായി. ബ്രിട്ടീഷുകാര്‍ നമ്മുടെ നാവികശക്തിയെ തളര്‍ത്തി. നാവികസേനയെ ശക്തിപ്പെടുത്താന്‍ രാജ്യം പ്രതിബദ്ധമാണ്. ബജറ്റ് വിഹിതം വര്‍ധിപ്പിച്ച് അത്യാധുനിക സാങ്കേതിക വിദ്യ വികസിപ്പിക്കും. നാവികസേനയുടെ ശക്തികൂടിയാല്‍ സമുദ്രവ്യാപാരവും വാണിജ്യവും വര്‍ധിക്കും. ശക്തിയും സമാധാനവും െകെകോര്‍ക്കുമ്പോള്‍ നവ ഇന്ത്യയുടെ ധാര്‍മികത രൂപപ്പെടുകയാണ്.- മോദി പറഞ്ഞു. കൊച്ചി കപ്പല്‍ശാലയിലെ അണിയറശില്‍പ്പികളെ പ്രധാനമന്ത്രി അനുമോദിച്ചു.

കമ്മിഷനിങ്ങിനു മുമ്പ് നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ നാവികസേന ഇതു നാലാം തവണയാണു പതാക മാറുന്നത്. ഇന്ത്യക്കിത് അഭിമാനനിമിഷമാണെന്നു നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ പറഞ്ഞു. വിക്രാന്ത് രാജ്യത്തിന് മുതല്‍ക്കൂട്ടും സ്വയംപര്യാപ്തതയുടെ പ്രതീകവുമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

ചടങ്ങ് സമാപിച്ചപ്പോള്‍ ആദരസൂചകമായി മിഗ് 29 വിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ടു. എസ്.എസ്.സന്യാലിന്റെ നേതൃത്വത്തിലാണ്‌ സൈന്യം ആദരവ് നല്‍കിയത്. പുതുക്കിയ നാവിക പതാക വിമാനവാഹിനിയുടെ പിന്‍ഭാഗത്തും ദേശീയപതാക മുമ്പിലുമാണ് സ്ഥാപിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. കമ്മിഷനിങ്ങിനുശേഷം പ്രധാനമന്ത്രി കപ്പല്‍ സന്ദര്‍ശിച്ചു. രണ്ടു മണിക്കൂര്‍ കൊച്ചി കപ്പല്‍ശാലയില്‍ തങ്ങിയ പ്രധാനമന്ത്രി ഉച്ചയോടെ മംഗളരുവിലേക്കു പോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →