ആലക്കോട് (കണ്ണൂർ): എന്നും ഉയരങ്ങളിൽ പറക്കണമെന്നതായിരുന്നു ഗോപിക ഗോവിന്ദന്റെ സ്വപ്നം. ഇപ്പോൾ ചിറകുവിരിച്ച് ഗോപികയുടെ സ്വപ്നങ്ങൾ ആകാശത്തേക്ക് ഉയർന്നു. ആലക്കോട് പഞ്ചായത്തിലെ ദാരപ്പൻകുന്ന് കോളനിയിലെ ചപ്പിലി ഗോവിന്ദന്റെയും ബിജിയുടെയും മകൾ ഗോപിക ദിവസങ്ങൾക്കുള്ളിൽ എയർഹോസ്റ്റസിന്റെ വേഷമണിയും. കേരളത്തിൽ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ എയർഹോസ്റ്റസ് എന്ന നേട്ടം കൂടിയാണു ഗോപിക സ്വന്തമാക്കുന്നത്.
ഒരു മാസത്തെ പരിശീലനം മാത്രമാണു ബാക്കിയുള്ളത്. പരിശീലനം മുംബൈയിൽ തുടരുകയാണ്. പട്ടികവർഗത്തിലെ കരിമ്പാലൻ വിഭാഗത്തിൽപ്പെട്ടതാണ് ഗോപികയുടെ കുടുംബം. എയർഹോസ്റ്റസ് മോഹം ഗോപികയ്ക്ക് സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ്. കണ്ണൂർ എസ്എൻ കോളജിൽ കെമിസ്ട്രിയിൽ ബിരുദം പൂർത്തിയാക്കിയശേഷം തന്റെ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള അന്വേഷണം തുടങ്ങി. സ്വകാര്യ സ്ഥാപനങ്ങളിൽ ഇതിനുള്ള കോഴ്സുകളുണ്ടെങ്കിലും കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് മകളെ പഠിപ്പിക്കാനുള്ള ശേഷിയില്ലായിരുന്നു.
ഗോപിക ആഗ്രഹം ഉള്ളിലൊതുക്കി രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് സർക്കാരിന്റെ സ്കോളർഷിപ്പോടെ പട്ടികവർഗക്കാർക്ക് ‘അയാട്ട’യുടെ കസ്റ്റമർ സർവീസ് കോഴ്സ് പഠിക്കാമെന്ന വിവരം എസ്ടി പ്രമോട്ടറിൽ നിന്നു ലഭിച്ചത്. ഇതിനായി നൽകിയ അപേക്ഷ അംഗീകരിക്കപ്പെടുകയും വയനാട്ടിലെ ഡ്രീം സ്കൈ ഏവിയേഷൻ ട്രെയിനിങ് അക്കാദമിയിൽ ചേർന്നു പരിശീലനം നേടുകയും ചെയ്തു. തുടർന്ന് എയർ ഇന്ത്യ കമ്പനി എയർഹോസ്റ്റസ് സിലക്ഷനു വേണ്ടി നടത്തിയ ഇന്റർവ്യൂവിൽ ഗോപിക വിജയിച്ചു. പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ദാരപ്പൻകുന്ന് കോളനിയിൽ നിന്നുള്ള ഒരു പെൺകുട്ടി എയർഹോസ്റ്റസ് ആകുന്ന സന്തോഷത്തിലാണു കോളനിവാസികൾ

