കൊച്ചി: ദേശീയപാത നന്നാക്കാതെ പാലിയേക്കരയില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി ആരാഞ്ഞു. റോഡിലെ കുഴികള്‍ സംബന്ധിച്ചു വിശദീകരണം ബോധിപ്പിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
പഴയ കരാറുകാരന് റോഡ് നന്നാക്കുന്നില്ലെന്നും പുതിയ കരാറുകാരനെ റോഡിലെ കുഴികള്‍ ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ക്കായി ചുമതലപ്പെടുത്തിയെന്നും അതോറിറ്റി അറിയിച്ചു. ഇതേത്തുടര്‍ന്നാണ് റോഡ് നന്നാക്കാന്‍ പുതിയ കരാറുകാരെ ഏല്‍പ്പിച്ചാല്‍ പഴയ കരാറുകാരന് ടോള്‍ പിരിക്കാന്‍ കഴിയുമോ എന്ന് ഹൈക്കോടതി ചോദിച്ചത്.
മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാതയുടെ കരാര്‍ എടുത്തിരിക്കുന്നത് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡാണ്. എന്നാല്‍, ഇവര്‍ റോഡ് കൃത്യമായി നന്നാക്കാനോ സഞ്ചാരയോഗ്യമാക്കാനോ തയാറായിരുന്നില്ല. അതുകൊണ്ട് റോഡിലെ കുഴി അടക്കുന്നതിന് മറ്റൊരു കരാറുകാരനെ ചുമതലപ്പെടുത്തിയത്.
ദേശീയപാതയിലെ റോഡ് അറ്റകുറ്റപ്പണി ക്രമക്കേട് സംബന്ധിച്ച മറ്റൊരു കേസില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് െഹെക്കോടതി നിര്‍ദേശം നല്കി. നാഷണല്‍ ഹൈവേയില്‍ അപകടത്തില്‍ ആളുകള്‍ മരിക്കുന്നത് സംബന്ധിച്ച് കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം കോടതിയില്‍ ഹാജരായി സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. 107 റോഡുകളില്‍ നിര്‍മാണത്തിലെ അപാകത സംബന്ധിച്ച പരിശോധന വിജിലന്‍സ് നടത്തിയതായും രണ്ടുകേസ് രജിസ്റ്റര്‍ ചെയ്തതായും ഡയറക്ടര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഒക്ടോബര്‍ ആറിന് മുമ്പായി നാഷണല്‍ െഹെവേയോട് ഇത് സംബന്ധിച്ച് വിശദ വിവരങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചത്.
പി.ഡബ്യൂ.ഡി. റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ചുള്ള വിവരങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കോടതി നിര്‍ദേശം നല്കി. പെരുമ്പാവൂര്‍ -മൂന്നാര്‍ റോഡ് പണി സംബന്ധിച്ചും പ്രത്യേകം വിവരം നല്‍കണം. കലൂര്‍ -കടവന്ത്ര റോഡ് അറ്റകുറ്റപ്പണി സംബന്ധിച്ച് ജി.സി.ഡി.എയും വിവരം നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.

