ഒരു പഞ്ചായത്തിൽ ഒരു കളിക്കളം ; നവീകരണത്തിനൊരുങ്ങി വടവുകോട് കാളവയൽ മൈതാനം

*50 ലക്ഷം രൂപ അനുവദിച്ചു

സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി സ്മാർട്ടാകാനൊരുങ്ങി വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ കാളവയൽ മൈതാനം. സെവൻസ് ഫുട്ബോളിനുള്ള കോർട്ടും ഗാലറിയും ഉൾപ്പടെയുള്ള സംവിധാനങ്ങളാണ് തയ്യാറാക്കുന്നത്. 50 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.  

നാട്ടിൻപുറങ്ങളിൽ നിന്ന് നാളെയുടെ കായിക താരങ്ങളെ വാർത്തെടുക്കുന്നതിനും യുവജനങ്ങളുടെ ഉൾപ്പെടെ ആരോഗ്യ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന കായിക വകുപ്പ്  ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ നിർമിക്കുന്ന  ആദ്യ ഗ്രൗണ്ടാണ് വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഏഴാം വാർഡിലെ (വടവുകോട് വാർഡ്) ഒരേക്കറോളം വരുന്ന കാളവയൽ മൈതാനത്തിലേത്. പി.വി ശ്രീനിജിൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം സംസ്ഥാന തല സ്ക്രൂട്ടിനി കമ്മിറ്റി നടത്തിയ പരിശോധനകൾക്കൊടുവിലാണ് പദ്ധതിക്കായി കാളവയലിനെ തെരഞ്ഞെടുത്തത്.

സെവൻസ് ഫുട്ബോൾ മത്സരങ്ങൾക്കുള്ള കോർട്ടിനും ഗാലറിക്കും പുറമേ പ്രഭാത സവാരിക്കാർക്കും സായാഹ്ന സവാരിക്കാർക്കുമായി മൈതാനത്തിന് ചുറ്റും നടപ്പാത നിർമ്മിക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കുന്നതിനായി ഇരിപ്പിടങ്ങളും സജ്ജമാക്കും. മഴവെളളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനായി കാര്യക്ഷമമായ ഡ്രൈനേജ് സംവിധാനവും വിഭാവനം ചെയ്തിട്ടുണ്ട്. പൊതു ജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാനാകുന്ന തരത്തിൽ ഭാവിയിൽ ഓപ്പൺ ജിംനേഷ്യം നിർമ്മിക്കുന്നതും അധികൃതരുടെ പരിഗണനയിലുണ്ട്. 

പതിറ്റാണ്ടുകളുടെ കായിക പാരമ്പര്യമുള്ള മൈതാനം ഒരു കാലത്ത് കാൽപ്പന്തുകളിക്ക് പേരു കേട്ടതായിരുന്നു. നിരവധി പ്രാദേശിക മത്സരങ്ങൾക്കാണ് ഇവിടം വേദിയായിട്ടുള്ളത്.  നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കാളവയൽ ഉൾപ്പടെ സംസ്ഥാനത്ത്‌ ജനപ്രതിനിധികൾ നിർദേശിച്ച 111 കളിക്കളങ്ങൾക്ക് സംസ്ഥാന കായിക വകുപ്പ്‌ അംഗീകാരം നൽകിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →