കുടിയിറക്കുവാനുള്ള കുടിലബുദ്ധിയാണ് ബഫർസോൺ വിഷയത്തിൽ സർക്കാരിനുവേണ്ടി വനം വകുപ്പ് തയ്യാറാക്കിയ റിവ്യൂ ഹർജിയുടെ പിന്നിലെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിയിലിന്റെ ഇടലേഖനം

കോഴിക്കോട്: ബഫർസോൺ വിഷയത്തിൽ ആശങ്കകൾ പങ്കുവെച്ച് താമരശ്ശേരി രൂപതയുടെ ഇടയലേഖനം. താരശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലാണ് ഇടയലേഖനം ഇറക്കിയിരിക്കുന്നത്. ലേഖനത്തിൽ സംസ്ഥാന സർക്കാറിനേയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിക്കുന്നു. ഗ്രീക്ക് കൊട്ടാരസദസ്സിൽ നേർത്ത ഒരു മുടിയിൽ തൂക്കിയിട്ട് വാളിന്റെ ചുവട്ടിലിരുന്ന ഡെമോക്ലീസിന്റെ അവസ്ഥയാണ് ഇന്ന് ബഫർ സോണിലൂടെ മലയോര കർഷക ജനത അനുഭവിക്കുന്നതെന്ന് പറഞ്ഞാണ് ഇടയലേഖനം ആരംഭിക്കുന്നത് . താമരശ്ശേരി രൂപതയുടെ കീഴിലുള്ള കത്തോലിക്ക പള്ളികളിൽ ഇന്ന് (28.08.2022)കുർബ്ബാന മദ്ധ്യേ ഈ ഇടയലേഖനം വായിക്കും.

ബഫർസോൺ വിഷയത്തിൽ ജനസമൂഹത്തിന്റെ സംരക്ഷണമാണ് ബന്ധപ്പെട്ടവർ ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും വനത്തിനും, വന്യമൃഗങ്ങൾക്കും സർക്കാർ വക ഉദ്യാനങ്ങൾക്കും സംരക്ഷണം നല്കി സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടം വിറ്റ്, മതിയായ രേഖകളോടെ നമ്മുടെ പിതാമഹന്മാർ വിലകൊടുത്ത് സമ്പാദിച്ച മണ്ണിൽ നിന്നും നമ്മെ കുടിയിറക്കുവാനുള്ള കുടിലബുദ്ധിയാണ് അതിന്റെ പിന്നിലെന്ന് സാമാന്യ ബോധമുള്ള എല്ലാവർക്കും മനസ്സിലാവുമെന്നും ഇടയലേഖനത്തിൽ പറയുന്നു.

സമരപരമ്പരകളുടെ ഫലമായി സർക്കാർ കേവലം ഒരു റിവ്യൂ ഹരജി നല്കുവാൻ തയ്യാറായി എങ്കിലും, എന്നും കർഷകരെ ശത്രു പക്ഷത്ത് നിർത്തുന്ന വനം വകുപ്പിനെ മാത്രമാണ് ആ ദൗത്യം ഏല്പിച്ചത്. സർക്കാരിനുവേണ്ടി വനം വകുപ്പ് തയ്യാറാക്കിയ റിവ്യൂ ഹരജി വായിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ തമസ്‌കരിക്കപ്പെട്ടതായി മനസ്സിലാകുന്നത്. സ്ഥിതിവിവര കണക്കുകൾ ഇല്ലെന്നു മാത്രമല്ല, കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വായു ദൂരം വരെ ബഫർസോൺ പ്രഖ്യാപിച്ചതിൽപ്പെട്ടിരിക്കുന്നത്. 1977 ന് മുമ്പ് വനം കയ്യേറിയവരുടെയും 2008-ലെ ആദിവാസികൾക്കു വേണ്ടിയുള്ള നിയമപ്രകാരം ഭൂമി പതിച്ചു കിട്ടിയവരുടെയും ഭൂമി ആണെന്നാണ്. വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ വായു ദൂരത്തുള്ള ബഫർസോൺ പ്രദേശത്ത് കയ്യേറ്റക്കാരും, ആദിവാസികളും, വനഭൂമി കയ്യേറി സ്വന്തമാക്കിയെന്ന മട്ടിൽ പുനഃപരിശോധനാ ഹർജി സംസ്ഥാന സർക്കാർ നല്കിയത് വലിയ അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്നുമാണ് ഇടയലേഖനം പറയുന്നത്.

ഇടയലേഖനത്തിന്റെ പൂർണ്ണരൂപം: ‘ബഫർസോൺ’ എന്ന വാക്ക് ഇന്ന് ചിരപരിചിതമായി കഴിഞ്ഞിരിക്കുന്നു. ഗ്രീക്ക് കൊട്ടാരസദസ്സിൽ നേർത്ത ഒരു മുടിയിൽ തൂക്കിയിട്ട് വാളിന്റെ ചുവട്ടിലിരുന്ന ഡെമോക്ലീസിന്റെ അവസ്ഥയാണ് ഇന്ന് ബഫർ സോണിലൂടെ മലയോര കർഷക ജനത അനുഭവിക്കുന്നത്. പരിസ്ഥിതി സംവേദക മേഖല അല്ലെങ്കിൽ സംരക്ഷണ കവചമെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ബഫർ സോണിനെക്കുറിച്ച് കേൾക്കുമ്പോൾ ഇവിടെയുള്ള ജനസമൂഹത്തിന്റെ സംരക്ഷണമാണ് ബന്ധപ്പെട്ടവർ ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും വനത്തിനും, വന്യമൃഗങ്ങൾക്കും സർക്കാർ വക ഉദ്യാനങ്ങൾക്കും സംരക്ഷണം നല്കി, അനേകം ദശകങ്ങൾക്കു മുമ്പ് തന്നെ സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടം വിറ്റ്, മതിയായ രേഖകളോടെ നമ്മുടെ പിതാമഹന്മാർ വിലകൊടുത്ത് സമ്പാദിച്ച മണ്ണിൽ നിന്നും നമ്മെ കുടിയിറക്കുവാനുള്ള കുടിലബുദ്ധിയാണ് അതിന്റെ പിന്നിലെന്ന് സാമാന്യ ബോധമുള്ള എല്ലാവർക്കും മനസ്സിലാവും.

ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട സർക്കാരും, സർക്കാർ സംവിധാനങ്ങളും നല്ലൊരു ശതമാനം ജനപ്രതിനിധികളും മലയോര കർഷകരുടെ രക്ഷയ്ക്ക് എത്തുന്നില്ലായെന്നത് ഖേദകരമാണ്. പ്രകൃതിദുരന്തങ്ങളും, വന്യമൃഗ ശല്യങ്ങളും പരിസ്ഥിതിയുടെ പേരിലുള്ള കരിനിയമങ്ങളും കൊണ്ട് ജീവിതം ദുസ്സഹമായിത്തീർന്നിരിക്കുന്ന മലയോര ജനതയുടെ വേദന ഇന്നാട്ടിലെ മനുഷ്യസ്‌നേഹികളുടെ വേദനയാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

ബഫർസോൺ സംബന്ധിച്ച് 2022 ജൂൺ 3-ലെ സുപ്രീം കോടതി വിധി, സംസ്ഥാന സർക്കാരിനോട് ബഫർസോൺ മേഖലയിലെ ഉപജീവന നിർമ്മിതികൾ അടക്കമുള്ള എല്ലാ സ്ഥിതി വിവരക്കണക്കുകളുടെയും വിശദാംശങ്ങൾ ആവശ്യമായ സർക്കാർ ഏജൻസികളുടെ സഹായത്തോടെ തയ്യാറാക്കി ലിസ്റ്റ് ചെയ്ത് മൂന്നു മാസത്തിനുള്ളിൽ സുപ്രീം കോടതിക്കു മുമ്പാകെ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. അതോടൊപ്പം ബഫർ സോണിന്റെ ദൂരപരിധി കുറയ്ക്കാൻ മതിയായ പൊതുജനതാത്പര്യം മുൻനിർത്തി രേഖകൾ സഹിതം സെൻട്രൽ എംപവേർഡ് കമ്മറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തേയും സമീപിച്ച് അവരുടെ ശുപാർശകളോടെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ ഹർജി നൽകിയാൽ കോടതി അത് പരിഗണിക്കുന്നതാണെന്നും വിധിയിൽ പ്രസ്താവിച്ചിട്ടുണ്ട്.

അതിനാൽ നാം ഒരുമിച്ചു നടത്തിയ സമരപരമ്പരകളുടെ ഫലമായി സർക്കാർ കേവലം ഒരു റിവ്യൂ ഹരജി നല്കുവാൻ തയ്യാറായി എങ്കിലും, എന്നും കർഷകരെ ശത്രു പക്ഷത്ത് നിർത്തുന്ന വനം വകുപ്പിനെ മാത്രമാണ് ആ ദൗത്യം ഏല്പിച്ചത്. സർക്കാരിനുവേണ്ടി വനം വകുപ്പ് തയ്യാറാക്കിയ റിവ്യൂ ഹരജി വായിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ തമസ്‌കരിക്കപ്പെട്ടതായി മനസ്സിലാകുന്നത്. അതായത്, സ്ഥിതിവിവര കണക്കുകൾ ഇല്ലെന്നു മാത്രമല്ല, കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വായു ദൂരം വരെ ബഫർസോൺ പ്രഖ്യാപിച്ചതിൽപ്പെട്ടിരിക്കുന്നത്. 1977 ന് മുമ്പ് വനം കയ്യേറിയവരുടെയും 2008-ലെ ആദിവാസികൾക്കു വേണ്ടിയുള്ള നിയമപ്രകാരം (Scheduled Tribes and other Traditional Forest Dwellers Act 2006) ഭൂമി പതിച്ചു കിട്ടിയവരുടെയും ഭൂമി ആണെന്നാണ്. ഹർജിയിലെ 10-ാമത്തെയും 15-ാമത്തെയും ഖണ്ഡികയിലാണ് ഇപ്രകാരമുള്ള ഭൂമിയാണ് ബഫർ സോണിൽപ്പെട്ടിരിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ വായു ദൂരത്തുള്ള ബഫർസോൺ പ്രദേശത്ത് കയ്യേറ്റക്കാരും, ആദിവാസികളും, വനഭൂമി കയ്യേറി സ്വന്തമാക്കിയെന്ന മട്ടിൽ പുനഃപരിശോധനാ ഹർജി സംസ്ഥാന സർക്കാർ നല്കിയത് വലിയ അപകടം ക്ഷണിച്ചു വരുത്തുന്നതാണ്. സാധാരണക്കാരുടെ കൃഷിഭൂമിയെപ്പറ്റിയും ഉപജീവന മാർഗ്ഗത്തെപ്പറ്റിയും റിവ്യൂ പെറ്റീഷൻ മൗനം അവലംബിക്കുന്നുവെന്നു മാത്രമല്ല, ഈ പ്രദേശത്തുള്ള യാതൊരുവിധ സ്ഥിതി വിവരക്കണക്കുകളും റിവ്യൂ പെറ്റീഷനിൽ കാണുന്നില്ലായെന്നുള്ളത് ആശങ്ക ജനിപ്പിക്കുന്നതാണ്.

ഇപ്രകാരം ബഫർ സോണുകളിൽ വരുന്ന ഭൂമി, കയ്യേറ്റക്കാരുടെയും ആദിവാസികളുടെയും മാത്രമാണ് എന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ മുമ്പിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നവർ ജനങ്ങളുടെ പക്ഷത്തു നിന്നല്ല, മറിച്ച് കപട പരിസ്ഥിതി വാദികളുടെ ഭാഗത്തുനിന്നാണ് ചിന്തിക്കുന്നത് എന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. കേരളത്തിലെ വനംവകുപ്പിന്റെ കർഷക വിരുദ്ധ നിലപാടുകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സുപ്രീം കോടതി അവശ്യപ്പെട്ടിരിക്കുന്ന വിശദമായ റിപ്പോർട്ട് സർക്കാർ സമർപ്പിച്ചേ മതിയാകൂ. അതില്ലാത്ത ഒരു റിവ്യൂ ഹർജിയും പരമോന്നത കോടതിയിൽ നിലനില്ക്കുകയില്ല എന്ന വസ്തുത ഇവിടുത്തെ കർഷക ജനത മനസ്സിലാക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട്, കാന്തലോട്, ചക്കിട്ടപാറ, ചെമ്പനോട, പേരാമ്പ്, ചങ്ങരോത്ത് എന്നീ വില്ലേജുകൾ ESZ (ബഫർ സോൺ) ലും, കാവിലുംപാറ, ചക്കിട്ടപാറ, തിനൂർ, ചെമ്പനോട, കെടവൂർ, പുതുപ്പാടി, നെല്ലിപ്പൊയിൽ, കോടഞ്ചേരി, തിരുവമ്പാടി എന്നീ വില്ലേജുകൾ ESA (പരിസ്ഥിതി സംവേദക ഏരിയ) പരിധിയിൽ വരുന്നുണ്ട്. മലപ്പുറം ജില്ലയിലെ ചുങ്കത്തറ, അകമ്പാടം, കരുളായി, ചോക്കാട്, കാളികാവ്, കരുവാരകുണ്ട്. കുറുമ്പളങ്ങാട്, വാളിക്കടവ്, അമരമ്പലം, കേരള എസ്റ്റേറ്റ് എന്നീ വില്ലേജുകളും ESA (പരിസ്ഥിതി സംവേദക ഏരിയ) പ്രശ്‌നം നിലനില്ക്കുന്ന വില്ലേജുകളാണ്.

ഈ സ്ഥലങ്ങളിലെ മലയോര ജനതയെ ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചും ഒരു ഭരണത്തിനും ഇവിടെ നിലനില്പില്ലായെന്ന് ഉത്തരവാദിത്വപ്പെട്ടവർ മനസ്സിലാകും വരെ സംഘടിതമായി ഇതിനെതിരെ നിലയുറപ്പിക്കുവാൻ കർഷകജനത മുന്നോട്ടുവരും.
ജീവിതത്തിൽ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ലാതെ പൊതുസമൂഹത്തിന് മുഴുവൻ അന്നം നല്കാൻ കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട മനുഷ്യർക്കുവേണ്ടി സംസാരിക്കുവാനും പ്രവർത്തിക്കുവാനും നിലകൊള്ളുവാനും നാം ഒറ്റക്കെട്ടായി നിന്നേ മതിയാവൂ. കർഷകന്റെ ജീവിതത്തെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന രീതിയിൽ കബളിപ്പിക്കുന്ന സംവിധാനങ്ങൾക്കെതിരെ നാം സംഘടിച്ചേ മതിയാകൂ.

2022 ജൂലൈ 31 ന് കേരള കത്തോലിക്കാ മെത്രാൻ സമിതി ഇക്കാര്യത്തിലുള്ള സഭയുടെ ആശങ്ക പ്രകടമാക്കുകയും കേരളത്തിലെ 61 ലധികം വരുന്ന കർഷക സംഘടനകളുടെ ഒരു പൊതുകൂട്ടായ്മ (കേരള കർഷക അതിജീവന സംയുക്ത സമിതി – KKASS) രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ജാതി, മത, രാഷ്ട്രീയ വേർതിരിവില്ലാതെ രൂപീകരിച്ച ഈ സംഘടനാ സംവിധാനം നമ്മുടെ എല്ലാ ഇടവകകളിലും രൂപീകരിക്കുവാൻ വികാരിയച്ചന്മാരോടൊപ്പം നിങ്ങളും മുൻകൈയെടുക്കണം.

പഞ്ചായത്തുകളിൽ ഗ്രാമസഭകൾ വിളിച്ചുകൂട്ടി വീടുകളുടെയും സ്ഥലങ്ങളുടെയും കൃഷിയിടങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്ഥിതിവിവര കണക്കുകൾ പഞ്ചായത്തിൽ നിന്നുള്ള ഔദ്യേഗിക രേഖകളുടെ പിൻബലത്തോടെ ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ ശേഖരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ഈ കണക്കുകൾ അടിസ്ഥാനമാക്കി ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും പ്രമേയങ്ങൾ പാസാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും, സെൻട്രൽ എംപവേർഡ് കമ്മിറ്റിയ്ക്കും, സുപ്രീം കോടതിയ്ക്കും അയച്ചുകൊടുക്കണം. അതോടൊപ്പം ഞായറാഴ്ച ഇടവകകളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ ക്രമീകരിച്ച് പരാതികൾ അയയ്ക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യണം.

നമ്മുടെ അവകാശങ്ങൾ നേടിയെടുക്കും വരെയും നിതാന്ത ജാഗ്രതയോടെ നമുക്ക് വ്യാപരിക്കാം. നിയമത്തിന്റെ വഴിയിലൂടെയും, സംഘടിച്ചും ജീവിക്കുവാനുള്ള നമ്മുടെയും വരും തലമുറയുടെയും അവകാശത്തിനുവേണ്ടി ധീരതയോടെ നമുക്ക് നിലകൊള്ളാം. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രതീകമായ മഹാനായ ഡോ. അംബേദ്ക്കറുടെ ആപ്തവാക്യം നമുക്കോർക്കാം: ”സംഘടിക്കുക, പ്രബുദ്ധരാകുക, പോരാടുക. പൊതുസമൂഹത്തിന്റെ വിശിഷ്യ കർഷകരുടെയും അവഗണിക്കപ്പെട്ടവരുടെയും ഒപ്പം നിന്നുകൊണ്ട് നമുക്ക് മുന്നേറാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
താമരശ്ശേരി രൂപതാ മെത്രാൻ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →