ഹേമന്ത് സോറന് തിരിച്ചടി നിയമസഭാംഗത്വം റദ്ദാക്കാന്‍ ശുപാര്‍ശ

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം ചൂട്ടിക്കാട്ടിയുള്ള ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗവര്‍ണര്‍ രമേഷ് ബായ്സിന് നല്‍കി. അന്തിമ തീരുമാനം ഗവര്‍ണറുടേതായിരിക്കും. പ്രതികൂല തീരുമാനമുണ്ടായാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നു ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.

നിയമസഭാംഗത്വം റദ്ദായാല്‍ സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍, അയോഗ്യനാക്കുന്നതു സംബന്ധിച്ച അറിയിപ്പുകളൊന്നും തനിക്ക് ലഭിച്ചില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 9എ വകുപ്പു പ്രകാരമാണു തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.ബി.ജെ.പി. നേതാവ് ശിവ ശങ്കര്‍ ശര്‍മയുടെ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

2022 ഫെബ്രുവരി 11നു മുഖ്യമന്ത്രിയെന്ന അധികാരം ഉപയോഗിച്ചു അംഗാര ബ്ലോക്കില്‍ 88 സെന്റ് ഭൂമി ഖനനത്തിനായി സ്വന്തം പേരില്‍ സോറന്‍ പാട്ടത്തിനെടുത്തെന്നാണ് ആരോപണം. കല്ല് ഖനനത്തിന് അനുമതി നല്‍കിയത് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണു ബി.ജെ.പിയുടെ നിലപാട്. ഖനി പാട്ടത്തിനു നല്‍കിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു പിഴവുണ്ടായെന്നു അഡ്വക്കേറ്റ് ജനറല്‍ രാജീവ് രഞ്ജനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിചാരണയില്‍ നിലപാടെടുത്തു. കോണ്‍ഗ്രസും സോറന്റെ പാര്‍ട്ടിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ചേര്‍ന്നാണു ഝാര്‍ഖണ്ഡ് ഭരിക്കുന്നത് . സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണു കേസിനു പിന്നിലെന്നാണു ഭരണസഖ്യത്തിന്റെ നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →