ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ അനുവദിക്കില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭയ്ക്കു ബില്‍ പാസാക്കാനുള്ള അധികാരമുണ്ട്. ഏതു ബില്‍ പാസാക്കിയാലും സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുന്ന നടപടികളോ വൈസ് ചാന്‍സലര്‍ ബന്ധുനിയമനം നടത്തുന്ന രീതിയോ അനുവദിക്കില്ലെന്നും ഡല്‍ഹിയില്‍നിന്നു മടങ്ങിയെത്തിയ ഗവര്‍ണര്‍ പറഞ്ഞു.

ബില്ലില്‍ ഒപ്പിടുമോ എന്ന ചോദ്യം പ്രസക്തമല്ല. ബില്‍ ഭരണഘടനപരമാണോ എന്ന് പരിശോധിച്ചശേഷം ഒപ്പിടും. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനു നിയമനം നല്‍കാനുള്ള തീരുമാനം പൊതുജനങ്ങള്‍ അറിഞ്ഞിട്ടും സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുകയാണ്. പ്രിയാ വര്‍ഗീസിന്റെ രാഷ്ട്രീയ നിയമത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നു.

സര്‍വകലാശാല നിയമനങ്ങള്‍ യു.ജി.സി. ചട്ടങ്ങള്‍ അനുസരിച്ചാകണം എന്നു സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ തനിക്കെതിരേ ആക്രമണശ്രമം നടന്നത് ഉന്നത അറിവോടെയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അലഘട്ടില്‍ പ്രസംഗിക്കുന്നതിനെതിരേ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് രംഗത്തുവന്നിരുന്നെങ്കിലും യോഗി സര്‍ക്കാര്‍ ആ നീക്കം മുളയിലെ നുള്ളിയിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →