സര്‍വകലാശാല(ഭേദഗതി) ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരെ കണ്ടെത്തുന്നതില്‍ ചാന്‍സലറായ ഗവര്‍ണര്‍ക്കുള്ള മേല്‍കൈ കുറയ്ക്കുന്നതിനുള്ള സര്‍വകലാശാല(ഭേദഗതി) ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആര്‍. ബിന്ദുവാണ് ബില്‍ അവതരിപ്പിച്ചത്.

നിലവില്‍ ഗവര്‍ണറുടെയും സര്‍വകലാശാലയുടെയും യു.ജി.സിയുടെയും നോമിനിമാരടങ്ങുന്ന മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയാണ് വി.സിമാരെ കണ്ടെത്തുന്നത്. ഈ കമ്മിറ്റി തയാറാക്കുന്ന പട്ടികയില്‍നിന്ന് ഒരാളെ ഗവര്‍ണര്‍ക്ക് വി.സിയായി നിയമിക്കാം. ഭേദഗതിയില്‍ സെര്‍ച്ച് കമ്മിറ്റിയിലെ അംഗസംഖ്യ അഞ്ചാക്കി ഉയര്‍ത്തി.ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ കണ്‍വീനറായ അഞ്ചംഗ സമിതിയാണ് ചാന്‍സലര്‍ സെര്‍ച്ച് കമ്മിറ്റിയായി രൂപീകരിക്കേണ്ടത്. ഈ സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെയും സര്‍വകലാശാലയുടെയും യു.ജി.സിയുടെയും പ്രതിനിധികള്‍ക്ക് പുറമെ സര്‍ക്കാരിന്റെ ഒരു പ്രതിനിധിയും ഉണ്ടാകും.അഞ്ചംഗസമിതിയില്‍ ഭൂരിപക്ഷം പിന്തുണയ്ക്കുന്ന വ്യക്തിയെ മാത്രമേ ഗവര്‍ണര്‍ക്കു വി.സിയായി നിയമിക്കാനാകൂ.

കമ്മിറ്റിയിലെ അംഗങ്ങള്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രമുഖരായിരിക്കണം. അവര്‍ക്ക് സര്‍വകലാശാലയുമായും കോളജുകളുമായും യാതൊരു ബന്ധവും പാടില്ലെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. കമ്മിറ്റിയിലെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം സമര്‍പ്പിക്കുന്ന പാനലില്‍നിന്ന് ഒരാളെ പട്ടിക ലഭിച്ച് മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ചാന്‍സലറായ ഗവര്‍ണര്‍ നിയമിക്കണം. അറുപത്തിയഞ്ച് വയസുവരെയാണ് വി.സി. സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →