കോഴിക്കോട്: 1999-ൽ രജിസ്റ്റർ ചെയ്ത ആധാരത്തിന്റെ പകർപ്പ് നൽകാൻ 10000 രൂപ കൈക്കൂലി വാങ്ങിയ ഓഫീസ് അസിസ്റ്റൻഡ് വിജിലൻസിന്റെ പിടിയിൽ. കോഴിക്കോട് സബ് രജിസ്ട്രാർ ഓഫീസ് അസിസ്റ്റൻഡ് കൂടരഞ്ഞി സ്വദേശിയായ ഷറഫുദ്ദീനാണ് പിടിയിലായത്.
കണ്ണൂർ ജില്ലയിലെ ശിവപുരം സ്വദേശിയായ ഹാരിസിൽ നിന്നാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ആധാരത്തിന്റെ പകർപ്പിനായി കോഴിക്കോട് മാനാഞ്ചിറ സബ് രജിസ്ട്രാർ ഓഫീസിൽ ഈ മാസം 17 -ാം തീയതി ഇയാൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ പകർപ്പ് ചൊവ്വാഴ്ച നൽകാമെന്നും വേഗത്തിൽ തിരഞ്ഞെടുത്ത് കൊടുത്തതിന് പതിനായിരം രൂപ നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
കൈക്കൂലി ആവശ്യപ്പെട്ട വിവരം ഹാരിസ് വിജിലൻസ് ഉത്തരമേഖലാ എസ്.പിയെ അറിയിക്കുകയായിരുന്നു. എസ്.പിയുടെ നേതൃത്വത്തിൽ വൈകുന്നേരം നാല് മണിയോടെ കൈക്കൂലി തുകയായ പതിനായിരം രൂപ ഹാരിസിൽ നിന്നും കൈപറ്റുന്നതിനിടെയാണ് അറസ്റ്റ് നടന്നത്.

