ആപ്പിനെ പിളര്‍ത്തിയാല്‍ കേസില്‍ നിന്നൂരാമെന്ന് വാഗ്ദാനം- സിസോദിയ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ.എ.പി) വിട്ട് തങ്ങളോടൊപ്പം ചേര്‍ന്നാല്‍ സി.ബി.ഐ, ഇ.ഡി. കേസുകള്‍ ഒഴിവാക്കാമെന്ന വാഗ്ദാനം ബി.ജെ.പിയില്‍നിന്നു ലഭിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പാര്‍ട്ടി പിളര്‍ത്തിയാല്‍ മുഖ്യമന്ത്രിസ്ഥാനം നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍, ഗുരുവായ അരവിന്ദ് കെജ്രിവാളിനൊപ്പം ഉറച്ചുനില്‍ക്കാനായിരുന്നു തന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയിലെ മദ്യ നയത്തില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് എക്സൈസ് മന്ത്രി കൂടിയായ അദ്ദേഹത്തിന്റെ വസതിയില്‍ സി.ബി.ഐ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍. ‘ തനിക്കെതിരേയുള്ള എല്ലാ കേസുകളും കളവാണെന്ന് ആവര്‍ത്തിച്ച സിസോദിയ, എന്തുവേണമെങ്കിലും ചെയ്യാമെന്ന്’ ബി.ജെ.പിയെ വെല്ലുവിളിച്ചു. ”ഞാന്‍ മഹാറാണാ പ്രതാപിന്റെ പിന്‍ഗാമിയാണ്, രജപുത്രനാണ്. ഗൂഢാലോചനക്കാര്‍ക്കും അഴിമതിക്കാര്‍ക്കും മുന്നില്‍ തലകുനിക്കാന്‍ തയാറല്ല”.’- അദ്ദേഹം ട്വീറ്റ് ചെയ്തു.

മറ്റു പാര്‍ട്ടികളില്‍ നിന്നു ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി, ഹിമാന്ദ ബിശ്വ ശര്‍മ, ജയന്ത് പാന്‍ഡ എന്നിവരാണു താനുമായി ബന്ധപ്പെട്ടത്. തനിക്ക് മുഖ്യമന്ത്രിയാകാന്‍ മോഹമില്ല. രാജ്യത്തിന്റെ മികച്ച ഭാവിമാത്രമാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.സിസോദിയയ്ക്കെതിരായ നീക്കം ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ”സിസോദിയ അറസ്റ്റിലായേക്കാം, ഒരു പക്ഷേ, ഞാനും. എല്ലാം ഗുജറാത്ത് തെരഞ്ഞെടുപ്പിനു വേണ്ടിയാണ്”- അദ്ദേഹം പറഞ്ഞു.

2021- 22ലെ ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ടാണു മനീഷ് സിസോദിയയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത്. ഇതടക്കം 31 കേന്ദ്രങ്ങളില്‍ സി.ബി.ഐ. റെയ്ഡ് നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →