സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്ക് കുറവാണെന്ന പേരിൽ മെഡിസെപ്പിനോ‌ട് സഹകരിക്കാതെ സംസ്ഥാനത്തെ മുൻനിര ആശുപത്രികൾ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമായി തുടങ്ങിയ മെഡിസെപ് ഇൻഷൂറൻസ് പദ്ധതിയുമായി സഹകരിക്കാതെ സംസ്ഥാനത്തെ പ്രധാന സ്വകാര്യ ആശുപത്രികൾ. സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്ക് കുറവെന്ന പേരിലാണ് മുൻനിര ആശുപത്രികൾ പദ്ധതിയിൽ നിന്ന് വിട്ടു നിൽക്കുന്നത്. പദ്ധതിയുടെ ഭാഗമായ ആശുപത്രികളാകട്ടെ തെരഞ്ഞെടുത്ത ചില ചികിത്സകൾ മാത്രമാണ് മെഡിസെപിൽ ഉൾപ്പെടുത്തിയിട്ടുളളത്.

സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരും പെൻഷൻകാരും ഇവരുടെ ആശ്രിതരും ചേർത്ത് 32 ലക്ഷത്തോളം പേരെ ഉൾപ്പെടുത്തിയാണ് സർക്കാർ മെഡിസെപ് ഇൻഷൂറൻസ് പദ്ധതി തുടങ്ങിയത്. 6000രൂപ വാർഷിക പ്രീമിയത്തിൽ മൂന്ന് ലക്ഷം രൂപയുടെ കവറേജ്. 2022 ജൂലൈ ഒന്നിന് പദ്ധതി തുടങ്ങി. എന്നാൽ ഇപ്പോഴും സംസ്ഥാനത്തെ എൻഎബിഎച്ച് അക്രഡിറ്റേഷനുളള മുൻനിര ആശുപത്രികളിൽ പലതും പദ്ധതിയുടെ ഭാഗമായിട്ടില്

തിരുവനന്തപുരത്ത് എൻഎബിഎച്ച് അക്രഡിറ്റേഷനുളളവിഭാഗത്തിൽ ആർസിസിയും നിംസ് മെഡിസിറ്റിയും മാത്രമാണ് നിലവിൽ മെഡിസെപ് ഇൻഷൂറൻസ് പദ്ധതിയുമായി സഹകരിക്കുന്നത്. കൊച്ചിയിൽ മെഡിക്കൽ ട്രസ്റ്റ്, സൺറൈസ് , ലിറ്റിൽ ഫ്ളവർ, ലൂർദ്ദ് , ആസ്റ്റർ, രാജഗിരി എന്നീ അഞ്ച് ആശുപത്രികളാണ് എൻഎബിഎച്ച് വിഭാഗത്തിലുളളത്. കോഴിക്കോട്ടാകട്ടെ മിംസ് ആശുപത്രി മാത്രമാണ് പദ്ധതിയിലുളളത്. പദ്ധതിക്ക് കീഴിൽ 1920 ചികിൽസകൾ വരുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചതെങ്കിലും വിരലിലെണ്ണാവുന്ന ചികിൽസകൾ മാത്രമെ ഈ ആശുപത്രികൾ പോലും നൽകുന്നുളളൂ.

ഓരോ ചികിൽസയ്ക്കും സർക്കാർ നിശ്ചിത നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഡോ, ഷർമിള മേരി ജോസഫിൻറെ നേതൃത്വത്തിലുളള സമിതിയായിരുന്നു നിരക്ക് നിശ്ചയിച്ചത്. ഉദാഹരണത്തിന് ആഞ്ചിയോ പ്ളാസ്റ്റിക്ക് 55000രൂപയാണ് സർക്കാർ നിശ്ചയിച്ച തുക. എന്നാൽ മുൻനിര ആശുപത്രികൾ ഈ നിരക്കുമായി യോജിക്കുന്നില്ല. നിലവിൽ പദ്ധതിയുമായി സഹകരിക്കുന്ന 240 ഓളം സ്വകാര്യ ആശുപത്രികളിൽ മഹാഭൂരിഭാഗവും ചെറുകിട സ്വകാര്യ ആശുപത്രികളാണ്.പദ്ധതിയുടെ ഭാഗമായ ആശുപത്രികളിൽ നിന്ന് തന്നെ ശരിയായ സേവനം കിട്ടുന്നില്ലെന്നും പരാതിയുണ്ട്.

അതേസമയം,രണ്ടു മാസത്തിനകം തന്നെ 13000ത്തോളം ആളുകൾക്ക് 43 കോടിയോളം രൂപ ക്ലെയിമായി അനുവദിച്ചതായാണ് ധനവകുപ്പിൻറെ കണക്ക്. ഒരു പുതിയ പദ്ധതിയെന്ന നിലയിൽ ചില പരിമിതികൾ നിലവിലുണ്ട്. ഇത് പരിഹരിക്കാനായി പദ്ധതിയുടെ ഭാഗമായ സ്വകാര്യ ആശുപത്രികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്നും ധനവകുപ്പ് വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →