ഭോപ്പാല്‍: ബി.ജെ.പിയുടെ നയരൂപീകരണ സമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒഴിവാക്കപ്പെട്ടത് ആയുധമാക്കി മധ്യപ്രദേശിലെ പ്രതിപക്ഷം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു സംഭവത്തെ കോണ്‍ഗ്രസ് നേതൃത്വം കരുവാക്കുന്നത്.ബി.ജെ.പി. പോലും ചൗഹാനെ അവഗണിക്കുകയാണെന്ന മട്ടില്‍ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിങ്ങിന്റെ പ്രതികരണം വന്നതോടെ സംസ്ഥാനരാഷ്ട്രീയം മൊത്തത്തില്‍ ചടുലമായി. 2023 നു ശേഷം ചൗഹാന്‍ കേന്ദ്രത്തിലേക്കു മാറുമെന്നു കരുതിയെങ്കിലും അദ്ദേഹത്തെ താക്കോല്‍ സ്ഥാനങ്ങളില്‍ നിലനിര്‍ത്താന്‍ താല്‍പ്പര്യപ്പെടുന്ന നിലയിലല്ല ബി.ജെ.പിയെന്നാണ് ഗോവിന്ദ് സിങ് നിയമസഭയില്‍ പറഞ്ഞത്.എന്നാല്‍, ചൗഹാനെയോര്‍ത്ത് പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു.
ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡില്‍ മറ്റേതെങ്കിലും മുഖ്യമന്ത്രി ഉള്‍പ്പെട്ടിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ പ്രതിപക്ഷനേതാവിന്റെ വിഷമത്തിന് അല്‍പ്പമെങ്കിലും അര്‍ഥമുണ്ടായിരുന്നെന്ന് ബി.ജെ.പി വക്താവ് ദിവ്യ ഗുപ്ത തിരിച്ചടിച്ചു. നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും ശേഷം ബി.ജെ.പിയിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായി വളരുന്ന യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പാര്‍ട്ടി പരമോന്നത സമിതിയില്‍ പ്രവേശനം ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. അതിനിടെ, ചൗഹാന്‍ സര്‍ക്കാരിനെതിരേ നിരന്തരം അഴിമതി ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് കാത്തിരുന്നു കിട്ടിയ ആയുധം അത്രവേഗം ഉപേക്ഷിക്കാന്‍ ഒരുക്കമല്ല. ശിവ്രാജ് സിങ് ചൗഹാനെതിരേ തങ്ങളുയര്‍ത്തുന്ന അഴിമതി ആരോപണം ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന് കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും അതിനോടുള്ള സ്വാഭാവിക പ്രതികരണമാണ് പാര്‍ലമെന്ററി ബോര്‍ഡില്‍നിന്നുള്ള ചൗഹാന്റെ പുറത്താകലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ചൗഹാനെ ഇപ്പോള്‍ മാറ്റാന്‍ കഴിയുമെന്നു കരുതുന്ന നിരവധി നേതാക്കള്‍ ബി.ജെ.പിയിലുണ്ടെന്നും നമുക്ക് കാത്തിരുന്നു കാണാമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള നേതാവും ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ബി.ജെ.പി മുഖ്യമന്ത്രിയുമാണ് ശിവരാജ് സിങ് ചൗഹാന്‍. 15 വര്‍ഷം ഈ സ്ഥാനത്തിരുന്ന അദ്ദേഹം ഇപ്പോഴും പദവിയില്‍ തുടരുകയാണ്. എന്നാല്‍, പാര്‍ട്ടിയുടെ പുതിയ സമിതിയെ അഭിനന്ദിച്ചതിനപ്പുറം തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് യാതൊന്നും അദ്ദേഹം പ്രതികരിച്ചിട്ടില്ല. ചൗഹാനു പുറമേ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും നയരൂപീകരണ സമിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.

