കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് നിയമപരമല്ലെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ. ജാമ്യം അനുവദിച്ചു കൊണ്ടോ നിരസിച്ചു കൊണ്ടോ ഉത്തരവ് നൽകുവാൻ കോടതികൾക്ക് അധികാരം ഉണ്ട്. പക്ഷേ, ലൈംഗിക പീഡനക്കേസുകളിൽ അതിജീവിതയുടെ മേൽവിലാസം അടക്കമുള്ളവ വെളിപ്പെടുത്താനോ, ആക്ഷേപകരമായി പരാമർശിക്കാനോ ഈ അധികാരം വിനിയോഗിക്കപ്പെടുന്നത് തികച്ചും നിർഭാഗ്യകരമാണെന്ന് ലോയേഴ്സ് യൂണിയൻ വ്യക്തമാക്കി.
പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല – എന്നാണ് ഉത്തരവിൽ പറയുന്നത്.
പരാതിക്കാരിയുടെ ഏതോ ഫോട്ടോ വച്ച് അതിജീവിതയെ സ്വഭാവഹത്യ നടത്തും വിധം ഉള്ള പരാമർശങ്ങൾ ഒരു കോടതി ഉത്തരവിൽ ഇടം പിടിക്കുന്നത് ന്യായീകരിക്കത്തക്കതല്ല. വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്ന വസ്ത്രധാരണ രീതി കുറ്റ കൃത്യത്തിനുള്ള പ്രകോപനവും ന്യായീകരണവുമല്ല. വസ്ത്രധാരണ രീതി പ്രതിക്ക് പ്രകോപനപരമായി എന്ന് കോടതിക്ക് അഭിപ്രായം ഉണ്ടെങ്കിൽ അത്തരമൊരു പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നത് എങ്ങിനെയാണെന്നും ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി.പി.പ്രമോദ് ചോദിച്ചു.
മുൻകൂർ ജാമ്യം നൽകുന്ന വേളയിൽ തന്നെ കേസ് നിലനിൽക്കുന്നതല്ല എന്ന് തീർപ്പാക്കി ഉത്തരവ് നൽകുന്നത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്. ജാമ്യം നൽകിയത് നിയമപരമല്ല. പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമ പ്രകാരവും ലൈംഗികാതിക്രമ ആരോപണങ്ങളും ഉള്ള കേസുകളിൽ ലാഘവ ബുദ്ധിയോടെ മുൻകൂർ ജാമ്യം അനുവദിച്ച നടപടിക്ക് എതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകണമെന്നും ലോയേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. ഹൈക്കോടതി ഇക്കാര്യം സ്വമേധയാ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും ലോയേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു