ശബരിമല: ചിങ്ങപ്പുലരിയിൽ അയ്യപ്പശരണ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ 17/08/22 ബുധനാഴ്ചപുലർച്ചെ 5 മണിക്ക് മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടർന്ന് നിർമ്മാല്യ ദർശനവും, അഭിഷേകവും നടന്നു. സ്വർണ്ണ കുടത്തിലെ നെയ്യഭിഷേകത്തിന് ശേഷം തന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് അഭിഷേകതീർത്ഥവും ഇലപ്രസാദവും വിതരണം ചെയ്തു. പിന്നീട് മണ്ഡപത്തിൽ മഹാ ഗണപതി ഹോമം നടന്നു. 7.30 ന് ഉഷപൂജക്ക്ശേഷം ശബരിമല പുതിയ ഉൾക്കഴകത്തിന്റെ നറുക്കെടുപ്പ് നടന്നു.
വി.എൻ.ശ്രീകാന്ത് (നാരായണമംഗലം ദേവസ്വം, ആറൻമുള ഗ്രൂപ്പ്) ആണ് പുതിയ ശബരിമല ഉൾക്കഴകം (കീഴ്ശാന്തി). ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശിന്റെ മേൽനോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. ചിങ്ങം ഒന്നിന്റെ ഭാഗമായി ശബരിമലയിൽ ലക്ഷാർച്ചനയും നടന്നു. ആയിരക്കണക്കിന് ഭക്തരാണ് ചിങ്ങപ്പുലരിയിൽ അയ്യപ്പനെ കണ്ടു തൊഴാനായി എത്തിയത്. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21/08/22 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും. ഓണനാളുകളിലെ പൂജകള്‍ക്കായി 2022 സെപ്റ്റംബര്‍ 6 ന് നട തുറക്കും. സെപ്റ്റംബര്‍ 10 ന് തിരുനട അടക്കും.