കൊച്ചി: എസ്.എന്‍.സി. ലാവ്ലിന്‍ കേസ് അടുത്താഴ്ച സുപ്രീം കോടതി പരിഗണിച്ചേക്കും. പുതിയ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചിരുന്നത്.കേസുകളുടെ പട്ടികയില്‍ ലാവ്ലിന്‍ കേസുമുണ്ട്. ചീഫ് ജസ്റ്റിസായശേഷം ബെഞ്ച് മാറുമോ എന്നു വ്യക്തമല്ല. അതിനാല്‍, കേസ് വീണ്ടും മാറ്റിവയ്ക്കാനാണു സാധ്യത. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ െഹെക്കോടതി വിധി ചോദ്യം ചെയ്തു സി.ബി.ഐയും പ്രതിപ്പട്ടികയില്‍ തുടരുന്ന ഉദ്യോഗസ്ഥരുമാണു 2017 ല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
അന്നുമുതല്‍ ഇന്നുവരെ മുപ്പതിലേറെ തവണ ഈ കേസ് മാറ്റിവച്ചു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതി കേസുകള്‍ അതിവേഗം പരിഗണിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണിത്. ഈക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിക്കും പരാതി നല്‍കുമെന്നും ആവശ്യമെങ്കില്‍ കേസില്‍ കക്ഷി ചേരുമെന്നും ബെന്നി ബെഹനാന്‍ എം.പി. വ്യക്തമാക്കിയിരുന്നു.സി.ബി.ഐയുടെ ആവശ്യപ്രകാരമാണു കൂടുതല്‍ തവണയും ലാവ്ലിന്‍ കേസ് മാറ്റിവച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഇതിനുമുമ്പു കേസ് പരിഗണിച്ചത്.