ഇന്ത്യയുടെ വിദേശകാര്യനയത്തെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശകാര്യനയത്തെ പ്രകീര്‍ത്തിച്ച് പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും. ലാഹോറില്‍ നടന്ന പൊതുപരിപാടിയിലാണ് ഇന്ത്യയുടെ വിദേശനയത്തെയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെയും ഇമ്രാന്‍ അഭിനന്ദിച്ചത്.

മന്ത്രി ജയശങ്കറിന്റെ വീഡിയോ ദൃശ്യം പൊതുപരിപാടിയില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഇമ്രാന്റെ പ്രസംഗം.”ഞങ്ങള്‍ക്കൊപ്പം സ്വാതന്ത്ര്യം നേടിയ ഇന്ത്യയ്ക്ക് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി വിദേശനയം രൂപപ്പെടുത്താനും സ്വാശ്രയത്വം ഉറപ്പാക്കാനും കഴിയുമെങ്കില്‍ ആരാണ് ഷഹബാസ് ഷരീഫ് സര്‍ക്കാരിനെ അതില്‍ നിന്ന് പിന്നോട്ടുവലിക്കുന്നത്”- ഇമ്രാന്‍ ചോദിച്ചു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു. അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയാണ് ഇന്ത്യ. ഞങ്ങള്‍ക്ക് (പാകിസ്താന്‍) യു.എസുമായി ഒരു സഖ്യവുമില്ല. പക്ഷേ, ഇന്ത്യന്‍ വിദേശകാര്യമന്ത്രി അമേരിക്കയോട് എന്താണു പറഞ്ഞതെന്ന് നമുക്ക് കേള്‍ക്കാം- അതിനുശേഷമാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രസംഗം ഇമ്രാന്‍ ഖാന്‍ ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാതിരിക്കാന്‍ തീരുമാനിച്ച പാക് സര്‍ക്കാരിനെ ഇമ്രാന്‍ വിമര്‍ശിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →