ഭോപ്പാല്‍: ആശ്രമത്തിലെത്തിയ ഭക്തയെ മാനഭംഗപ്പെടുത്തിയ കേസില്‍ മധ്യപ്രദേശിലെ ആള്‍ദൈവം മിര്‍ച്ചി ബാബ അറസ്റ്റില്‍. ജൂലൈ 17 ന് ഭോപ്പാലിലെ ആശ്രമത്തില്‍ നടന്ന സംഭവത്തില്‍ 09/08/2022 ചൊവ്വാഴ്ച ഗ്വാളിയാറില്‍ നിന്നാണ് സ്വാമി വൈരാഗ്യാനന്ദ ഗിരിയെന്നുകൂടി അറിയപ്പെടുന്ന മിര്‍ച്ചി ബാബയെ പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹം കഴിഞ്ഞ് ദീര്‍ഘനാളായിട്ടും മക്കളുണ്ടാകാത്തതിനു പരിഹാരം തേടി ആശ്രമത്തിലെത്തിയ ഇരുപത്തെട്ടുകാരി യുവതിയാണ് പരാതിക്കാരി. ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ ആശ്രമത്തിലെത്തിയത്.ചില പൂജകള്‍ അനുഷ്ഠിച്ചാല്‍ ഗര്‍ഭധാരണം നടക്കുമെന്നായിരുന്നു ബാബയുടെ വാഗ്ദാനം. ഈ പൂജയുടെ പേരില്‍ ബാബ പ്രസാദമായി നല്‍കിയ വിഭൂതി കഴിച്ച് അബോധാവസ്ഥയിലായെന്നു പരാതിക്കാരി പറയുന്നു. മയങ്ങിവീഴുംമുമ്പ് ആശ്രമത്തിലെ ബാബയുടെ മുറിയില്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടത്രേ.
മുറിയിലെത്തി അല്‍പസമയത്തിനു ശേഷം ബോധരഹിതയായി. മണിക്കൂറുകള്‍ക്കുശേഷം ഉണര്‍ന്നപ്പോള്‍ ബാബയ്ക്കൊപ്പം കട്ടിലില്‍ നഗ്‌നയായി കിടക്കുന്ന നിലയിലായിരുന്നെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ്വിജയ് സിങ്ങിന്റെ വിജയത്തിനായി യാഗം നടത്തിയാണു മിര്‍ച്ചി ബാബ ശ്രദ്ധേയനായത്. ഭോപ്പാലില്‍ നടത്തിയ യാഗത്തില്‍ ഒരു ക്വിന്റല്‍ ചുവന്ന മുളകായിരുന്നു ഹവനത്തിന് ഉപയോഗിച്ചത്. തെരഞ്ഞെടുപ്പില്‍ ദിഗ്വിജയ് സിങ് തോറ്റാല്‍ താന്‍ ജലസമാധി അനുഷ്ഠിക്കുമെന്നും ബാബ പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനു കീഴില്‍ ഒരു മന്ത്രിക്കു ലഭിക്കുന്ന പരിഗണനയാണ് മിര്‍ച്ചി ബാബയ്ക്കു ലഭിച്ചിരുന്നത്.