പ്രിയ വർഗീസിന്റെ നിയമനത്തിൽ നിയമലംഘനവും സ്വജനപക്ഷപാതവും വിസിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന സംശയത്തിൽ ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല വൈസ് ചാൻസ്ലർക്കെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടപടിക്ക് ഒരുങ്ങുന്നു. പത്ത് ദിവസത്തിനകം പ്രിയ വർഗീസിന്റെ നിയമനത്തിൽ വിശദീകരണം നൽകാൻ കണ്ണൂർ വിസി ഡോ.ഗോപിനാഥ് രവീന്ദ്രന് ഗവർണർ നിർദേശം നൽകി. നിയമലംഘനവും സ്വജനപക്ഷപാതവും വിസിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന സംശയത്തിലാണ് ഗവർണർ.

തൃശ്ശൂർ കേരള വർമ്മ കോളേജിൽ അധ്യാപികയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിൽ വൈസ് ചാൻസ്ലറുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുൻപ് അവരുടെ അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയ നടപടി വിവാദമായിരുന്നു. വിവാദത്തെ തുടർന്ന് നിയമനം നൽകാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു.എന്നാൽ കഴിഞ്ഞ മാസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം പട്ടിക അംഗീകരിച്ചു.

യുജിസി ചട്ടപ്രകാരം എട്ട് വർഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ഒഴിവിൽ ഒന്നാം റാങ്ക് നൽകിയതെന്നാണ് പരാതി. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പരിതോഷികമായാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലയിൽ വിസി ആയി പുനർനിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →