തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നതിന് പിഴയടക്കമുള്ള ശിക്ഷ നടപടി ഏർപ്പെടുത്തിയതിനെതിരെ ബി ജെ പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദ് ചെയ്യലുമെന്ന നടപടിയെ പരിഹസിച്ച സന്ദീപ് വാര്യർ ഹെൽമെറ്റിൽ ക്യാമറ വച്ച കുറ്റത്തിന് തൂക്കി കൊന്നേക്കണമെന്നും വിമർശിച്ചു. ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ചത് കൊണ്ട് എത്ര അപകടം വർദ്ധിച്ചിട്ടുണ്ടെന്ന് ചോദിച്ച സന്ദീപ് എന്ത് പഠനത്തിൻറെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് പറയണമെന്നും ആവശ്യപ്പെട്ടു. ജനങ്ങളോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് ഉദ്യോഗസ്ഥ ധാർഷ്ട്യത്തിനെതിരെയുള്ള തെളിവായി ക്യാമറ ഹെൽമെറ്റിലെ ദൃശ്യങ്ങൾ മാറുന്നതിനുള്ള അസഹിഷ്ണുതയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ബി ജെ പി നേതാവ് അഭിപ്രായപ്പെട്ടു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണ രൂപത്തിൽ : ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദ് ചെയ്യലും മാത്രം പോരാ സാർ , ഹെൽമെറ്റിൽ ക്യാമറ വച്ച കുറ്റത്തിന് തൂക്കി കൊന്നേക്കണം .. ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ചത് കൊണ്ട് എത്ര അപകടം വർദ്ധിച്ചു ? എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം ? ജനങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല മറിച്ച് പലപ്പോഴും ഉദ്യോഗസ്ഥ ധാർഷ്ട്യത്തിനെതിരെയുള്ള തെളിവായി ക്യാമറ ഹെൽമെറ്റിലെ ദൃശ്യങ്ങൾ മാറുന്നതിനുള്ള അസഹിഷ്ണുതയാണ് ഈ തീരുമാനത്തിന് പിറകിൽ

