എടത്വാ: ആശുപത്രിയിൽ എത്തിക്കാൻ വെള്ളക്കെട്ട് തടസ്സമായതിനെ തുടർന്ന് നെഞ്ചുവേദന മൂലം തൊഴിലാളി വഴിമദ്ധ്യേ മരിച്ചു. തലവടി പഞ്ചായത്ത് ഇല്ലത്ത് പറമ്പിൽ ഇ ആർ ഓമനക്കുട്ടനാണ് (50) മരിച്ചത്. 2022 ആഗസ്റ്റ് 6 ശനിയാഴ്ച വൈകുന്നേരം ആറ് മണിക്കായിരുന്നു സംഭവം. നെഞ്ച് വേദനയെ തുടർന്ന് വീട്ടുകാരും സമീപവാസികളും വള്ളത്തിൽ കയറ്റി കരയ്ക്കെത്തിച്ച ശേഷം കാറിൽ പരുമല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴുള്ള വെള്ളക്കെട്ട് കാരണം വേഗത്തിൽ ആശുപത്രിയിലെത്തിക്കാൻ തടസ്സമായി.
മുട്ടോളം വെള്ളത്തിലായ സ്ഥലത്ത് നിന്ന് യഥാസമയം വാഹനത്തിൽ എത്തുന്നതിന് കഴിഞ്ഞില്ല. വഴിമധ്യേയായിരുന്നു മരണം, മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ സംസ്കാരം പിന്നീട്. കഴിഞ്ഞ വർഷം ഓമനക്കുട്ടന്റെ മൂത്തമകൾ പ്രിയങ്ക കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ബീന, മകൾ പ്രവീണ. മരുമകൻ: സജി

