റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെടുമ്പാശ്ശേരി അപകടം; ദേശീയപാതാ അതോറിറ്റിക്കെതിരെ മന്ത്രി റിയാസ്

August 6, 2022 - 12:48 pm

കൊച്ചി: നെടുമ്പാശേരിയില്‍ റോഡില്‍ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ വണ്ടിയിടിച്ച് മരിച്ച സംഭവത്തില്‍ ദേശീയ പാതാ അതോറ്റിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡ് പരിപാലനത്തില്‍ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ ദേശീയപാതാ അതോറിറ്റിക്ക് പറ്റുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള റോഡില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ഇടപെടാന്‍ സാധിക്കില്ല. എന്നാല്‍ ഈ വിഷയത്തെ വളരെ ഗൌരവത്തോടെ കാണുമെന്നും കര്‍ശന നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.

05/08/22 വെള്ളിയാഴ്ച രാത്രിയാണ് നെടുമ്പാശ്ശേരിക്ക് സമീപം റോഡിലെ കുഴിയില്‍ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികന്‍ മറ്റൊരു വാഹനമിടിച്ചു മരിച്ചത്. പറവൂര്‍ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിമാണ് മരിച്ചത്. 52 വയസ്സായിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. ഹാഷിമിനെ ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ 10.20 ഓടെയായിരുന്നു അപകടമുണ്ടായത്. സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമന്‍കുഴിയില്‍ വീണ സ്‌കൂട്ടറില്‍ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയും ഈ സമയം പിറകില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വാഹനം കയറി ഇറങ്ങിയതിന്റെ ലക്ഷണങ്ങളാണ് ശരീരത്തില്‍ കണ്ടതെന്നാണ് അപകടം അറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയ ആള്‍ പറയുന്നത്. എന്നാലിക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും സ്ഥിരീകരിക്കാനായിട്ടില്ലെന്നുമാണ് പൊലീസ് ഭാഷ്യം. സമീപത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിലും വ്യക്തതയില്ലെന്നതും തിരിച്ചടിയാണ്.

റോഡിലെ കുഴിയില്‍ പെട്ട് തെറിച്ചു വീണ അപകടമുണ്ടായ സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. ദേശീയപാത അതോറിറ്റിക്കെതിരെ കൊല കുറ്റത്തിന് കേസെടുക്കണമെന്ന് എംഎല്‍എ അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റിയും കോണ്‍ട്രാക്ട് കമ്പനിയും തമ്മിലെ ഒത്തുകളിയാണ് നടക്കുന്നതെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മന്ത്രിതല യോഗം വിളിച്ചിട്ടും ദേശീയ പാത പ്രതിനിധി എത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം തൃശൂര്‍ ദേശീയപാതയില്‍ കുഴികള്‍ ഒറ്റപ്പെട്ട സംഭവമല്ല. കറുകുറ്റി, കരയാമ്പറമ്പ്, അത്താണി തുടങ്ങിയ ഭാഗത്താണ് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. അപകടം നടന്ന സ്ഥലത്തെ കുഴികള്‍ തത്കാലത്തേക്ക് അടച്ചെങ്കിലും മറ്റ് കുഴികള്‍ ഇപ്പോഴും അപകടകരമായ സ്ഥിതിയില്‍ നിലനില്‍ക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *