ഡീസലടിക്കാന്‍ പണമില്ല; മൂന്ന് ദിവസത്തെ കെഎസ്ആർടിസി സർവീസുകൾ വെട്ടിച്ചുരുക്കാൻ ഉത്തരവ്

തിരുവനന്തപുരം: ഡീസലിന് പണമില്ലാത്ത സാഹചര്യത്തിൽ വരുന്ന മൂന്ന് ദിവസത്തേക്ക് കെഎസ്ആർടിസി സർവീസുകൾ വെട്ടിച്ചുരുക്കാൻ ഉത്തരവ്. ഓർഡിനറി സർവീസുകൾക്കാണ് 05/08/22 വെള്ളിയാഴ്ചയും, ശനി, ഞായർ ദിവസങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 05/08/22 വെള്ളിയാഴ്ച 50 ശതമാനവും, ശനിയാഴ്ച 25% സർവീസുകൾ മാത്രമാണ് നടത്തുക.07/08/22 ഞായറാഴ്ച ഓർഡിനറി സർവീസുകൾ പൂർണമായും ഒഴിവാക്കും. കെഎസ്ആർടിസി മാനേജിങ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകൾക്ക് കൈമാറിയിരിക്കുന്നത്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ തുടർന്ന് ഡീസൽ ലഭ്യത കുറഞ്ഞതും, മോശം കാലാവസ്ഥയിൽ വരുമാനം കുറഞ്ഞതുമാണ് സർവീസുകൾ വെട്ടിച്ചുരുക്കാനുള്ള നിർദ്ദേശത്തിന് കാരണം. വരുമാനം കുറഞ്ഞ സർവീസുകൾ ആണ് ഒഴിവാക്കുന്നത്. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപ്പർ ക്ലാസ് ബസുകൾ വെള്ളിയും, ശനിയും, ഞായറും ഉച്ചയ്ക്കു ശേഷവും തിരക്കുണ്ടാകുമ്പോൾ പൂർണ്ണമായും സർവീസുകൾ ആരംഭിക്കണമെന്നും ഉത്തരവിൽ പറയുന്നു. 08/08/22 തിങ്കളാഴ്ച ലഭിക്കുന്ന ഡീസൽ ഉപയോഗിച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയിൽ പരമാവധി ഓർഡിനറി സർവീസുകൾ ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണമെന്നും ഉത്തരവിലുണ്ട്.

കഴിഞ്ഞദിവസവും ഡീസൽക്ഷാമം കാരണം പല ജില്ലകളിലും സർവീസുകൾ നടത്താൻ കഴിഞ്ഞിട്ടില്ല. ഇന്ധനത്തിനുള്ള പണം ശമ്പളം നൽകാൻ ഉപയോഗിച്ചതാണ് ഇതിന് കാരണം. അതുകൊണ്ട് ഇന്ധന പ്രതിസന്ധി ഇനിയും തുടരുമെന്നാണ് ജീവനക്കാർ പറയുന്നത്. അതേസമയം പണമില്ലാത്തതുകൊണ്ടല്ല ഐഒസിയിലെ തൊഴിലാളി യൂണിയനുകളുടെ സമരം കാരണമാണ് ഡീസൽ പ്രതിസന്ധി ഉണ്ടായത് എന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →