കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോഴിക്കോട് : കരിപ്പൂരിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. യാത്രക്കാരൻ കടത്തിയ സ്വർണം കൈക്കലാക്കി എന്ന പരാതിയിലാണ് കരിപ്പൂരിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് കുമാർ സബിത, ഹവിൽദാർ സനീത്കുമാർ എന്നിവർക്കെതിരെയാണ് നടപടി.

2022 ജൂലൈ മാസം 27 വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയ ഷിഹാബ് എന്ന യാത്രക്കാരനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള പോലീസ് സംഘം പരിശോധിച്ചിരുന്നു. എന്നാൽ ഷിഹാബിന്റെ പക്കൽ നിന്ന് സ്വർണം കണ്ടെത്താനായില്ല. താൻ കടത്തിക്കൊണ്ടുവന്ന ക്യാപ്സൂൾ രൂപത്തിലുള്ള സ്വർണം വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ കൈക്കലാക്കി എന്നായിരുന്നു ഷിഹാബ് പോലീസിന് നൽകിയ മൊഴി.

ഷിഹാബിന്റെ മൊഴി പോലീസ് സംഘം കസ്റ്റംസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷിഹാബിനെ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷിഹാബ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഈ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ് സംഘം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →