പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ തമിഴ്നാട് കർക്കശമായ മുൻകരുതലുകൾ പാലിക്കണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: പറമ്പികുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട അധിക ജലം വിവിധ പദ്ധതികൾക്ക് ഉപയോഗപ്പെടുത്താൻ തമിഴ്‌നാട് നടപടി സ്വീകരിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ആണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

പറമ്പികുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് നൽകേണ്ട ജലത്തെക്കുറിച്ചും ചിറ്റൂരിൽ ജലസേചനത്തിന് നൽകേണ്ട ജലത്തെക്കുറിച്ചും പ്രളയ മഴയിൽ ലഭിക്കുന്ന അധിക ജലത്തിൽ കേരളത്തിന് ലഭിക്കേണ്ട വിഹിതത്തെക്കുറിച്ചും കരാറിൽ വ്യക്തമായ വ്യവസ്ഥകളുണ്ട്. മധുരയ്ക്കടുത്തുള്ള ഓട്ടൻഛത്രം, കീരനൂർ, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളിലേക്കായി 930 കോടി രൂപയുടെ പദ്ധതിക്കാണ് തമിഴ്‌നാട് ഭരണാനുമതി നൽകിയിരിക്കുന്നത്. ഇതു പറമ്പികുളം ആളിയാർ പദ്ധതി കരാറിന്റെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആളിയാർ നദിയിൽ നിന്നുള്ള ജലമാണ് തമിഴ്‌നാട് പുതിയ പദ്ധതികൾക്കായി ഉപയോഗിക്കുക. നിലവിൽ കേരളത്തിന് ലഭിക്കേണ്ട 7.25 ടിഎംസി ജലം ലഭിക്കുന്നതിന് പുതിയ പദ്ധതി തടസ്സമാകില്ലെങ്കിലും പ്രളയ മഴയിൽ ലഭിക്കേണ്ട അധിക ജലം ലഭിക്കില്ല. കരാർ പ്രകാരം ഓരോ ജലവർഷവും കേരളത്തിന് ലഭിക്കേണ്ട 7.25 ടിഎംസി പല ഘട്ടങ്ങിലും പൂർണമായി ലഭിക്കാതെ പോകാറുണ്ട്. ഇതിനു പുറമേയാണ് പുതിയ പദ്ധതികളിലൂടെ കൂടുതൽ ജലം വിനിയോഗിക്കാനുള്ള നീക്കം തമിഴ്‌നാട് നടത്തുന്നത്. പദ്ധതിയുടെ സാങ്കേതികമായ മറ്റുവശങ്ങളും കരാർ നിബന്ധനകളും കത്തിൽ വിശദമായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ കർക്കശമായ മുൻകരുതലുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ കഴിഞ്ഞ മാസവും തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനയച്ച കത്തിൽ അഭ്യർത്ഥിച്ചു. ഷട്ടറുകൾ തുറക്കുന്നത് ജനങ്ങളെ മുൻകൂട്ടി അറിയിച്ചുകൊണ്ടാകണമെന്ന കർശന നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രിയ്ക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →