കൊച്ചി: തൊണ്ടിമുതൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. . നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത കുറ്റപത്രമായതിനാൽ ഇത് റദ്ദാക്കണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. 2022 ആഗസ്റ്റ് 3ന് ഹർജി പരിഗണിക്കും.
ഐപിസി 193 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെയാണ് കുറ്റപത്രം സ്വീകരിച്ചുകൊണ്ടുള്ള തുടർനടപടികളിലേക്ക് മജിസ്‌ട്രേറ്റ് കോടതി പോയിരിക്കുന്നതെന്നുമാണ് ആന്റണി രാജുവിന്റെ വാദം. തനിക്കെതിരേ അത്തരത്തിൽ കുറ്റം ചുമത്താൻ കഴിയില്ല. താൻ ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയല്ലെന്നും ആന്റണി രാജുവിന്റെ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബഞ്ചിന് മുന്നിൽ ഹർജി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ, കേസിൽ ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോർട്ടു തേടിയിരുന്നു. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽനിന്നുള്ള റിപ്പോർട്ടാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ തേടിയത്. ഹർജി നിലനിൽക്കുമോയെന്ന നിയമപ്രശ്‌നത്തിൽ വിശദമായ വാദം കേൾക്കാനായാണ് ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോർട്ടുതേടിയത്. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.
മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതൽ മാറ്റിയെന്നതാണ് കേസ്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ വർഷങ്ങളായി ഒരു പുരോഗതിയുമില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് ഓസ്‌ട്രേലിയക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി പിടിയിലാകുന്നത്. സെഷൻസ് കോടതി പ്രതിയെ ശിക്ഷിച്ചിരുന്നു. എന്നാൽ, അപ്പീലിൽ പ്രതിയെ ഹൈക്കോടതി വെറുതേവിട്ടു. അടിവസ്ത്രം പ്രതിക്ക് പാകമാകുന്നതല്ലെന്ന് വിലയിരുത്തിയായിരുന്നു ഇത്. ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയ പ്രതി അവിടെ കൊലപാതകക്കേസിൽ അറസ്റ്റിലായതോടെയാണ് തൊണ്ടിമുതൽ മാറ്റിയ വിവരം പുറത്തുവരുന്നത്

