കോഴിക്കോട്: മുക്കം കെഎംസിടി മെഡിക്കൽ കോളേജ് കാന്റീനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവും, കോഴിത്തൂവലും. വിദ്യാർഥികൾ കോളേജിനു മുന്നിൽ മണിക്കൂറുകളോളം പ്രതിഷേധിച്ചു. മെസ് ഫീസ് ഇനത്തിൽ വൻ തുക ഈടാക്കുന്ന മാനേജ്മെന്റ് വൃത്തിഹീനമായ രീതിയിലാണ് കാന്റീൻ നടത്തുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചു.
സ്ക്രൂ, പുഴു, ഈച്ച, കോഴിത്തൂവൽ ഇതെല്ലാം മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ക്യാന്റീനിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ നിന്ന് കിട്ടിയതാണ്. അന്നം മുടക്കിയ സകലമാലിന്യങ്ങളുടെയും ചിത്രങ്ങൾ വിദ്യാർത്ഥികൾ അപ്പപ്പോൾ എടുത്തുവച്ചു. പലവട്ടം മാനേജ്മെന്റിന് പരാതിയും നൽകി. സഹികെട്ടാണ് ഒടുവിൽ സമരത്തിന് ഇറങ്ങിയത്. കോളേജിലെ നൂറോളം മെഡിക്കൽ വിദ്യാർഥികളാണ് പ്രധാന ഓഫീസിനു മുന്നിൽ മണിക്കൂറുകളോളം സമരം നടത്തിയത്.

