കൊല്ലം ആശ്രാമത്ത് അമിത കൂലി ആവശ്യപ്പെട്ട് തൊഴിലാളികൾ പരാതിയുമായി യുവ സംരംഭക

കൊല്ലം: കൊല്ലം ആശ്രാമത്ത് സാധനങ്ങൾ കയറ്റുന്നതിന് ചുമട്ടുതൊഴിലാളി യൂണിയനുകൾ അമിത തുക ചോദിക്കുന്നതായി ആരോപണം. അണ്ടർവാട്ടർ ടണൽ പ്രദർശനം ഒരുക്കിയ യുവ സംരംഭക ആർച്ച ഉണ്ണിയാണ് പരാതിക്കാരി. ലേബർ ഓഫീസറെയും, പോലീസിനെയും സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്നും യുവതി പറഞ്ഞു.

കൊല്ലം ആശ്രാമം മൈതാനത്ത് പ്രദർശനമേള കഴിഞ്ഞ ശേഷം സാധനങ്ങൾ ലോറിയിൽ കയറ്റാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി തൊഴിലാളികളെത്തി സാധനങ്ങൾ കയറ്റാൻ 2 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ലോഡിങ്ങിന് കമ്പനിയുടെ തൊഴിലാളികൾ ഉണ്ടെന്നും പണം നൽകാനില്ലെന്നും പറഞ്ഞതോടെ ഭീഷണിയായി.

പ്രദർശനം തുടങ്ങുമ്പോൾ ചുമട്ടുതൊഴിലാളികളെ കൊണ്ടാണ് സാധനങ്ങൾ ഇറക്കിച്ചതെന്നും ഇവർ അശ്രദ്ധമായി കൈകാര്യം ചെയ്തത് കൊണ്ട് വലിയ നഷ്ടമുണ്ടായെന്നും ആർച്ച പറയുന്നു. 2022 ജൂലൈ 10 ന് കൊല്ലത്തെ പ്രദർശനം അവസാനിച്ചതാണ്. എന്നാൽ തൊഴിലാളികളുടെ ഈ നിലപാട് കാരണം 17 ദിവസമായി സ്ഥല വാടക വെറുതെ നൽകേണ്ടി വരികയാണെന്നും ലേബർ ഓഫീസറെയും പോലീസിനെയും സമീപിച്ചെങ്കിലും പ്രശ്നത്തിൽ പരിഹാരം കാണാനായില്ലെന്നും പരാതിക്കാരി പറയുന്നു. എന്നാൽ അതേസമയം തൊഴിലാളികൾക്ക് അവകാശപ്പെട്ട ജോലിയും കൂലിയും മാത്രമാണ് ചോദിച്ചതെന്നും തർക്കം ചർച്ചയിലൂടെ പരിഹരിക്കുമെന്നുമാണ് യൂണിയൻ നേതാക്കൾ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →