ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന് താത്പര്യമില്ലെന്ന തരത്തില്‍ വെളിപ്പെടുത്തലുമായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. കേന്ദ്രത്തിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ഈ സാഹചര്യത്തില്‍ പദ്ധതിയുടെ എല്ലാ വശങ്ങളും പഠിച്ച ശേഷം മാത്രമേ കേന്ദ്രം ഒരു തീരുമാനം എടുക്കൂവെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒരു മലയാളം ചാനലിനോട് പ്രതികരിക്കുകയായിരുന്നു ഇവര്‍.
സില്‍വര്‍ ലൈന്‍ സങ്കീര്‍ണമായ പദ്ധതിയാണ്. സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക, എന്‍ജിനീയറിംഗ് വശങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികള്‍ സംസ്ഥാന സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും വലിയ സാമ്പത്തിക ഭാരമുണ്ടാക്കും. അതുകൊണ്ട് വിവിധ വശങ്ങള്‍ വിശദമായി വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്. അങ്ങനെ ഗൃഹപാഠം ചെയ്ത ശേഷം ജനങ്ങള്‍ക്കു മുന്നില്‍ വിഷയം അവതരിപ്പിക്കുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യും. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാമൂഹികാഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് നേരത്തെ കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നടപടിയും അപക്വമാണെന്നും കേന്ദ്രം പറഞ്ഞിരുന്നു.