ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്നാംഘട്ട ചോദ്യം ചെയ്യലിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡയറക്ടറേറ്റിനു മുമ്പിൽ ഹാജരായി. മക്കളായ രാഹുൽ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ എത്തിയത്. 75 കാരിയായ സോണിയ ഗാന്ധിയോട് 2 ഘട്ടമായി 70 ഓളം ചോദ്യങ്ങളാണ് ഇഡി ചോദിച്ചത്. മൂന്നാം ഘട്ടത്തിൽ 40 ഓളം ചോദ്യങ്ങൾ കൂടി കഴിയുന്നതോടെ ചോദ്യം ചെയ്യൽ അവസാനിക്കും എന്നാണ് റിപ്പോർട്ട്.
സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കോൺഗ്രസ് കഴിഞ്ഞദിവസം ഡൽഹിയിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. രാഹുൽ ഗാന്ധി അടക്കം മുതിർന്ന നേതാക്കൾ അറസ്റ്റ് വരിച്ചു. നാഷണൽ ഹെറാൾഡ് പ്രസാധകരായ അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡിനെ സോണിയ ഡയറക്ടർ ആയ യംഗ്ഇന്ത്യൻ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ചോദ്യം ചെയ്യൽ.

