ന്യൂഡല്‍ഹി: ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കുമില്ലെന്നു യശ്വന്ത് സിന്‍ഹ. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രതികരണം. പൊതുജീവിതം ഇനി എങ്ങനെ തുടരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍, താന്‍ ജനങ്ങള്‍ക്കൊപ്പം തുടരുമെന്നും എണ്‍പത്തിനാലുകാരനായ സിന്‍ഹ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് പദവി രാജിവച്ചാണ് അദ്ദേഹം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
കോണ്‍ഗ്രസും തൃണമൂലും അടക്കമുള്ള ബി.ജെ.പി. ഇതര പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥിയായായിരുന്നു ഇത്. തൃണമൂലുമായി ഇനി ബന്ധപ്പെടുമോ എന്ന ചോദ്യത്തിന്, ആരും എന്നോടൊന്നും സംസാരിച്ചിട്ടില്ല, ഞാനും ആരോടും സംസാരിച്ചിട്ടില്ല എന്നായിരുന്നു മറുപടി. ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന സിന്‍ഹ ജനതാദളിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്. പിന്നീട് ബി.ജെ.പിയിലെത്തുകയും വാജ്പേയി മന്ത്രിസഭകളില്‍ ധനം, വിദേശകാര്യമടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു.
നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിനോട് ഇടഞ്ഞ അദ്ദേഹം ബി.ജെ.പി. വിട്ട് 2021ല്‍ തൃണമൂലില്‍ ചേര്‍ന്നു. തൃണമൂലില്‍ ചേരുന്നതിനു മുമ്പ് താന്‍ സ്ഥാപിച്ച രാഷ്ട്രീയ മഞ്ച് പുനരുജ്ജീവിപ്പിക്കാന്‍ സിന്‍ഹയ്ക്ക് പദ്ധതിയുണ്ടെന്നും സൂചനയുണ്ട്. സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുമെന്നതും ഇതിന്റെ നേട്ടമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

