മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്നയെ അറസ്റ്റ് ചെയ്തു. വയനാട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൃത്യത്തെക്കുറിച്ച് ഫസ്നക്ക് വ്യക്തമായ അറിവുണ്ടായിരുന്നു എന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പോലീസ് പറയുന്നു.
ഒരു വർഷത്തോളം ചങ്ങലക്കിട്ട് പീഡിപ്പിച്ച ശേഷമാണ് മൈസൂർ സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയത്. മൃതദേഹം കണ്ടെത്താൻ ആകാത്തതിനാൽ കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 2019 ഓഗസ്റ്റിലാണ് ഷാബാ ഷെരീഫിനെ വ്യവസായി നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്റഫ് സംഘവും ചേർന്ന് നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുപോയത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോർത്താൻ ആയിരുന്നു ഇത്. ഒരു വർഷം ചങ്ങലക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറിൽ മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് മരിക്കുകയായിരുന്നു.

