തിരുവനന്തപുരം: കള്ളപ്പണക്കേസിൽ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് പോകാൻ ശ്രമിച്ച സിഎസ്ഐ ബിഷപ്പ് ധർമ്മരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞ് ഇഡി സംഘം. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച ബിഷപ്പിനെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തു. 27/07/22 ബുധനാഴ്ച ചോദ്യം ചെയ്യലിലായി കൊച്ചിയിൽ ഹാജരാകണം എന്ന നിർദ്ദേശം ഇഡി ബിഷപ്പിന് നൽകിയിട്ടുണ്ട്. ബ്രിട്ടനിലേക്ക് പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ഇ ഡി തടഞ്ഞത്.
കള്ളപ്പണകേസുമായി ബന്ധപ്പെട്ട് 25/07/22 തിങ്കളാഴ്ച നാലിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയിരുന്നത്. സിഎസ്ഐ സഭയുടെ ദക്ഷിണ കേരള ഇടവകയായ തിരുവനന്തപുരത്തെ എൽഎംഎസിലും റെയ്ഡ് നടന്നിരുന്നു. ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ ഓഫീസിലായിരുന്നു പ്രധാന പരിശോധന. കള്ളപ്പണം വെളുപ്പിച്ചെന്നും കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിച്ചെന്നുമുള്ള പരാതികളിലാണ് ഇഡി അന്വേഷണം. റെയ്ഡിനെ തുടർന്ന് ബിഷപ്പ് വിദേശത്തേക്ക് കടന്നേക്കും എന്നുള്ള സൂചനകളെ തുടർന്ന് യാത്രാവിലക്കുണ്ടെന്ന് അറിയിച്ചിരുന്നു.
അതോടൊപ്പം അദ്ദേഹത്തിന്റെ പാസ്പോർട്ട് നമ്പർ എമിഗ്രേഷൻ വിഭാഗത്തിന് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം രാത്രി വൈകിയാണ് കാരക്കോണം മെഡിക്കൽ കോളേജിലെ പരിശോധനകൾ പൂർത്തിയാക്കിയത്. 26/07/22 ചൊവ്വാഴ്ച പുലർച്ചെ ദുബായിലേക്കും അവിടെ നിന്നും യുകെയിലേക്കും പോകാനായിരുന്നു ബിഷപ്പ് പദ്ധതിയിട്ടിയിരുന്നത്. വിമാനത്താവളത്തിൽ എത്തിയ ധർമ്മരാജ് റസാലത്തെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വയ്ക്കുകയായിരുന്നു. പിന്നീട് ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ധർമരാജ് റസാലം ഇതോടെ ബിഷപ്പ് ഹൗസിലേക്ക് തിരികെ പോയി. 27/07/22 ബുധനാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ഇഡി ഉടൻ നോട്ടീസ് നൽകും. അതേസമയം സഭാ സെക്രട്ടറി പ്രവീൺ ഇപ്പോഴും ഒളിവിലാണ്.

