ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ രാജ്യത്തിന്റെ മുഴവന്‍ ശ്രദ്ധയും ദ്രൗപദി മുര്‍മുവിലായിരുന്നു. തീര്‍ത്തും പിന്നാക്കമായ ചുറ്റുപാടില്‍ ജനിച്ച് സ്വപ്രയത്നം കൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കീഴടക്കിയ ദ്രൗപദി ഒടുവില്‍ രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലും എത്തിച്ചേര്‍ന്നു. ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി, സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ രാഷ്ട്രപതി, ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്നുള്ള ആദ്യ രാഷ്ട്രപതി തുടങ്ങി ഒട്ടനവധി റെക്കോഡുകളും ഇതിനൊപ്പം അവര്‍ക്ക് സ്വന്തമായി.
ദ്രൗപദി മുര്‍മു ഇപ്പോഴിതാ തന്റെ പേരിനെ കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു. ദ്രൗപദി എന്നത് തന്റെ യഥാര്‍ത്ഥ പേരല്ലെന്നും സ്‌കൂളില്‍ പഠിക്കുന്ന കാലം അധ്യാപകരിലൊരാള്‍ നല്‍കിയതാണെന്നുമാണ് അവര്‍ പറയുന്നത്. ഒഡിയ വീഡിയോ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.സാന്താള്‍ വിഭാഗത്തില്‍ ജനിച്ച ദ്രൗപദിക്ക് വീട്ടുകാര്‍ ആദ്യം നല്‍കിയ പേര് ”പുട്ടി” എന്നായിരുന്നു. അധ്യാപകരിലൊരാളാണ് അത് ദ്രൗപതിയെന്നാക്കിയത്. 1960 കളില്‍, ആദിവാസി വിഭാഗക്കാര്‍ കൂടുതലുള്ള മയൂര്‍ഖഞ്ചിലേക്ക് മറ്റൊരു ജില്ലയില്‍ നിന്ന് എത്തിയതായിരുന്നു അധ്യാപകന്‍.
തന്റെ പേര് ഇഷ്ടപ്പെടാതിരുന്ന അധ്യാപകന്‍ അത് മാറ്റി. ദുര്‍പതി, ദൊര്‍പ്ടി എന്നിങ്ങനെ പലതവണ പേര് മാറ്റിയെന്നും അവര്‍ പറഞ്ഞു. സാന്താള്‍ പാരമ്പര്യമനുസരിച്ച് പെണ്‍കുട്ടി ജനിക്കുമ്പോള്‍ മുത്തശ്ശിയുടെയും ആണ്‍കുട്ടി ജനിക്കുമ്പോള്‍ മുത്തച്ഛന്റെയും പേരാണ് നല്‍കുന്നത്. സ്‌കൂളിലും കോളജിലും താന്‍ ദ്രൗപദി തുഡു ആയിരുന്നെന്നും ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാംചരണ്‍ മുര്‍മുവിനെ വിവാഹം ചെയ്തതോടെ ദ്രൗപദി മുര്‍മുവായെന്നും അവര്‍ പറഞ്ഞു.

