ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഭാവിയിലും അതിനു മാറ്റമുണ്ടാകില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ജമ്മുവില്‍ 23-ാമത് കാര്‍ഗില്‍ വിജയദിവസ് പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ബാബാ അമര്‍നാഥ് ഇന്ത്യന്‍ മണ്ണിലും മാ ശാരദാ ശക്തി നിയന്ത്രണരേഖയ്ക്ക് അപ്പുറവുമാകുന്നത് ഏതുവിധത്തില്‍ സാധ്യമാകുമെന്നും അദ്ദേഹം ആരാഞ്ഞു.
1962-ല്‍ ചൈന ലഡാക്ക് ആക്രമിക്കുമ്പോഴുള്ള ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ ഇന്ത്യ ആഗോളതലത്തില്‍ അതിശക്ത രാജ്യങ്ങളിലൊന്നാണ്. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിപദത്തിലിരിക്കെയാണ് ലഡാക്കിലെ നമ്മുടെ പ്രദേശം ചൈന പിടിച്ചടക്കിയത്. പണ്ഡിറ്റ് നെഹ്റുവിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ചോദ്യം ചെയ്യുന്നില്ല. ലക്ഷ്യങ്ങള്‍ സദുദ്ദേശ്യപരമായിരുന്നിരിക്കാം. എന്നാല്‍, അത് നയങ്ങളില്‍ പ്രതിഫലിക്കണമെന്നില്ല. ഇതൊക്കെയാണെങ്കിലും ലോകരാഷ്ട്രങ്ങളിലെ കരുത്തരില്‍ മുന്‍പന്തിയിലാണ് ഇന്നത്തെ ഇന്ത്യയുടെ സ്ഥാനം- സിങ് പറഞ്ഞു.

