ജില്ലയിലെ ദേശീയപാത 66 വികസനം യഥാർത്ഥ്യമാക്കുന്നതിലേക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാര വിതരണവും പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ സദ് സേവന പുരസ്ക്കാരവും, പ്രശംസാപത്രവും നല്കി ആദരിച്ചു.
സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുൺ, തഹസില്‍ദാർമാരായ സരിത പ്രഭാകർ, കെ. രാധാകൃഷ്ണന, വി. പത്മജ, സീനിയർ സൂപ്രണ്ടുമാരായ അനില്‍കുമാർ മേനോന്, ബേസില്‍.എ.കുരുവിള, പി എസ് ജയശ്രീ, ഹെഡ് സർവ്വെയർമാരായ പി.മിനി, കെ എസ് സജിമോഹന് തുടങ്ങി പറവൂർ ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ഓഫീസിലെ 63 റവന്യൂ – സർവ്വെ ഉദ്യോഗസ്ഥരെയാണ് സദ് സേവന പുരസ്ക്കാരവും, പ്രശംസാപത്രവും നല്കി ആദരിച്ചത്. പറവൂർ ദേശീയപാത സ്ഥലമെടുപ്പ് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ ജാഫർ മാലിക് സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയാക്കി സംസ്ഥാനത്തുതന്നെ ഭൂമി ഏറ്റെടുക്കലില്‍ പുതിയ മാതൃക സൃഷ്ടിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. 2020 ഫെബ്രുവരിയില്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ച് രണ്ടര വർഷത്തിനകം മുഴുവന്‍ നടപടികളും പൂർത്തീകരിക്കപ്പെട്ടത്. കോവിഡ് തീർത്ത പ്രതിസന്ധികള്‍ക്കിടയിലും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു വിചാരണയും ഫീല്‍ഡ്തല ജോലികളും സമയബന്ധിതമായി പൂർത്തീകരിക്കാനായി. കഴിഞ്ഞ മൂന്നു മാസക്കാലയളവിലാണ് ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ചത്. 1882 പേർക്ക് ഇക്കാലയളവില്‍ 889 കോടി രൂപ നഷ്ടപരിഹാരമായും പുനരധിവാസ ധനസഹായവുമായി വിതരണം ചെയ്തു.
ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കി, ജീവനക്കാർക്ക് കൃത്യമായ പരിശീലനം നല്കി, വ്യക്തമായ ഇടവേളകളില്‍ വിലയിരുത്തലുകള്‍ നടത്തി, മുഴുവന്‍ പ്രവൃത്തികളും കമ്പ്യൂട്ടർ വല്‍ക്കരിച്ച് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് മുഴുവന്‍ ഉദ്യോഗസ്ഥരും കാഴ്ച വെച്ചത്. നിലവിലെ ഉദ്യോഗസ്ഥരെ കൂടാതെ വിരമിച്ച ഉദ്യോഗസ്ഥരും, ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരും ഈ തീവ്രയജ്ഞത്തില്‍ ഭാഗഭാക്കായി. വനിതാ ജീവനക്കാരടക്കം ലീവെടുക്കാതെ, അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ അധികസമയം സ്വമേധയാ ജോലി ചെയ്താണ് അസംഭവ്യമെന്ന് കരുതിയ ഈ പദ്ധതി റെക്കോർഡ് വേഗത്തില്‍ പൂർത്തിയാക്കിയത്.

