തിരുവനന്തപുരം: കിഫ്ബിക്കെതിരായ നീക്കം, നിത്യോപയോഗസാധനങ്ങള്‍ക്ക ജി.എസ്.ടി. തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ സി.പി.എം. ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്കിനെതിരായ ഇ.ഡി. നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുവരെ കേരളത്തിലെ വികസനപരിപാടികള്‍ തടസപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണു കിഫ്ബിക്കെതിരായ നടപടിയെന്നു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗതീരുമാനങ്ങള്‍ വിശദീകരിക്കവേ കോടിയേരി ആരോപിച്ചു. സംസ്ഥാനവികസനത്തിനു ബജറ്റിനു പുറത്തുനിന്ന് 70,000 കോടി രൂപയാണു കിഫ്ബിയിലൂടെ മുടക്കിയത്. അതു തടയാനാണു നീക്കം. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാനും ബി.ജെ.പി. സര്‍ക്കാരുകളുണ്ടാക്കാനും ആയുധമാക്കിയതു കേന്ദ്ര ഏജന്‍സികളെയാണ്. കേരളത്തിലും അതാണു ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണു തോമസ് ഐസക്കിന് ഇ.ഡി. നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചാലുടന്‍ ഹാജരാകണമെന്നില്ല. ഇക്കാര്യത്തില്‍ രാജ്യത്തെ വിദഗ്ധരായ നിയമജ്ഞരുമായി ആലോചിച്ച് തീരുമാനമെടുക്കും.
ഇ.ഡിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ മനംമാറ്റം സ്വാഗതാര്‍ഹമാണ്. അതിനവര്‍ നിര്‍ബന്ധിതരായതാണ്. ഇ.ഡിയെ ഉപയോഗിച്ചുള്ള നടപടികള്‍ തുടങ്ങിയതു പി. ചിദംബരത്തിനെതിരേയാണ്. പിന്നീട് കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെ ജയിലിടടച്ചു. എന്നിട്ടും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായില്ല. ഇപ്പോഴെങ്കിലും മാറിച്ചിന്തിച്ചതു നന്നായി.
നിത്യോപയോഗസാധനങ്ങള്‍ക്കു ജി.എസ്.ടി. ചുമത്തിയതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ആഡംബരവസ്തുക്കള്‍ക്കു നികുതി ചുമത്തണമെന്നും സാധാരണക്കാര്‍ ഉപയോഗിക്കുന്നവയ്ക്കു ജി.എസ്.ടി. വര്‍ധിപ്പിക്കരുതെന്നും കേരളം ആവശ്യപ്പെട്ടതാണ്. നികുതിഘടന മാറ്റുമ്പോള്‍ എല്ലാവരുമായും ചര്‍ച്ചചെയ്യണം. അതു ചെയ്യാതെ, അരിക്കുള്‍പ്പെടെ നികുതി കൂട്ടി. ഇതിനെതിരേ ഓഗസ്റ്റ് 10-നു ലോക്കല്‍ കമ്മിറ്റികള്‍ കേന്ദ്രീകരിച്ചു കുറഞ്ഞത് 500 പേര്‍ വീതം പങ്കെടുക്കുന്ന ധര്‍ണ നടത്തുമെന്നും കോടിയേരി അറിയിച്ചു.

