ന്യൂഡല്‍ഹി: കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ് പൂരമെത്തുന്നു. ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം സെപ്റ്റംബര്‍ 28ന് തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്ട് ഹബ് സ്റ്റേഡിയത്തിലാണ് നടക്കുക. ടി20 ലോകകപ്പിന് മുന്നോടിയായി മൂന്ന് മത്സരങ്ങളുടെ പരമ്പരക്കായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്കെത്തുന്നത്. ഗുവാഹത്തി (ഒക്ടോബര്‍ 1), ഇന്‍ഡോര്‍( ഒക്ടോബര്‍ 3) എന്നിവയാണ് പരമ്പരയിലെ മറ്റ് വേദികള്‍.ടി20 മത്സരങ്ങള്‍ കൂടാതെ മൂന്ന് ഏകദിന മത്സരങ്ങളും ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കുന്നുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുന്നോടിയായി ഓസ്ട്രേലിയയും മൂന്ന് മത്സരങ്ങളുടെ പരമ്പരക്കായി സെപ്റ്റംബറില്‍ ഇന്ത്യയിലേക്കെത്തുന്നുണ്ട്. മൊഹാലി (സെപ്റ്റംബര്‍ 20), നാഗ്പൂര്‍ (സെപ്റ്റംബര്‍ 23) ഹൈദരാബാദ് (സെപ്റ്റംബര്‍ 25) എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഇതുവരെ 3 രാജ്യാന്തര മത്സരങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്നിട്ടുള്ളത്. 2 ട്വന്റി20യും ഒരു ഏകദിനവും. 2019 ഡിസംബര്‍ 8നു നടന്ന ഇന്ത്യവെസ്റ്റ്ഇന്ഡീസ് ട്വന്റി 20 ആയിരുന്നു ഇവിടെ നടന്ന അവസാന മത്സരം. കഴിഞ്ഞ ഫെബ്രുവരിയില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ ടി20 മത്സരം തിരുവനന്തപുരത്തിന് അനുവദിച്ചിരുന്നുവെങ്കിലും കൊവിഡ് മൂലം വേദി മാറ്റുകയായിരുന്നു.
കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ് പൂരമെത്തുന്നു
