“ഉടുപ്പഴിക്കാൻ മുറി തുറന്നു കൊടുത്തത് ഏജൻസിക്കാർ പറഞ്ഞിട്ട്”; നീറ്റ് വിവാദത്തിൽ പിടിയിലായി ശുചീകരണ തൊഴിലാളികൾ

കൊല്ലം: നീറ്റ് പരീക്ഷാ വിവാദത്തിൽ കുട്ടികളുടെ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ. ആയുർ മാർത്തോമാ കോളേജിലെ ജീവനക്കാരാണ് സുരക്ഷ ഏജൻസിക്കെതിരെ രംഗത്തുവന്നത്. ഏജൻസിയിലെ ജീവനക്കാരുടെ നിർദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചത്.

കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹ ഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജൻസിക്കാർ നിർദ്ദേശിച്ചു എന്നും ഏജൻസിക്കാരുടെ ആവശ്യപ്രകാരം വിദ്യാർഥിനികൾക്ക് വസ്ത്രം മാറാൻ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാർ പറഞ്ഞു. കേസിൽ റിമാന്‍ഡിലായ എസ് മറിയാമ്മ, കെ.മറിയാമ്മ എന്നിവരുടേതാണ് വെളിപ്പെടുത്തൽ.

സംഭവത്തിൽ അറസ്റ്റിലായ അഞ്ചു പ്രതികളുടെയും ജാമ്യ അപേക്ഷ കോടതി തള്ളി. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുഛേദത്തിന്റെ ലംഘനമാണ് നടന്നതെന്ന് കോടതി വിലയിരുത്തി. കൂടുതൽ പ്രതികളെ പിടികൂടാനുള്ളതിനാൽ അഞ്ചു പേർക്കും ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിയിലെ അംഗങ്ങൾ ആരൊക്കെയാണെന്ന് 20/07/22 ബുധനാഴ്ച അറിയാം. എൻടിഎ 20/07/22 ബുധനാഴ്ച സമിതി അംഗങ്ങളുടെ പേര് പുറത്തുവിടും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കം സമിതിയിൽ ഉണ്ടെന്നാണ് സൂചന. എൻടിഎയിൽ നിന്നും പ്രതിനിധികൾ ഉണ്ടാകും. സമിതി അംഗങ്ങൾ രണ്ടുദിവസത്തിനകം കേരളത്തിൽ എത്തുമെന്നാണ് വിവരം.

അതിനിടെ ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയെന്ന കേസിന്റെ വ്യാപ്തി വർധിക്കുകയാണ്. മഹാരാഷ്ട്ര, ബീഹാർ, യുപി സംസ്ഥാനങ്ങളിലും തട്ടിപ്പ് നടന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇവിടങ്ങളിൽ മൂന്നുപേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. തട്ടിപ്പ് സംഘത്തിൽ ഡോക്ടർമാരും ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം അറസ്റ്റിലായ എട്ടു പ്രതികളിൽ നാലു പേരെ പിടികൂടിയത് പരീക്ഷ ഹാളിൽ നിന്നാണ്. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതുന്നതിന് സംഘം വാങ്ങിയിരുന്നത് 20 ലക്ഷം രൂപയെന്നും മൊഴിയിൽ ഉണ്ട്. പണം നൽകിയ വിദ്യാർത്ഥികളുടെ മാതാപിതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →