ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ജവാന് വീരമൃത്യു. ഒരാഴ്ചക്കിടെ സുരക്ഷാ സേനയ്ക്കു നേര്‍ക്കുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. പുല്‍വാമയിലെ ആപ്പിള്‍ തോട്ടത്തിന് സമീപമുള്ള ഗാംഗോ ക്രോസിലെ ചെക്പോസ്റ്റില്‍ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേര്‍ക്കു ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ സി.ആര്‍.പി.എഫ്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാറിനു ഗുരുതരമായി പരുക്കേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പട്രോളിങ് സംഘത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിനു ശേഷം സുരക്ഷാ സേന സംഭവസ്ഥലം വളയുകയും ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച ശ്രീനഗറിലെ ലാല്‍ ബസാര്‍ മേഖലയിലെ ചെക്പോയിന്റിലുണ്ടായ ആക്രമണത്തില്‍ ജമ്മു കശ്മീര്‍ പോലീസിലെ അസി. സബ് ഇന്‍സ്പെക്ടര്‍ മുസ്താഖ് അഹമ്മദ് കൊല്ലപ്പെടുകയും രണ്ടു പോലീസുകാര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഐ.എസിന്റെ പ്രചാരക വിഭാഗമായ അമാഖ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെക്കുകയും, ആക്രമണ സമയത്ത് ഭീകരരുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന കാമറയിലെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. കൂടെ ഇതുപോലെയുള്ള ആക്രമണങ്ങള്‍ ഇനിയും പ്രതീക്ഷിക്കാനും എന്ന ഭീഷണിയും ഉണ്ടായിരുന്നു.

