ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ സഭയില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുന്നതും വിലക്കി പുതിയ സര്‍ക്കുലര്‍. ലോക്സഭാ സെക്രട്ടേറിയറ്റ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
സാഹിത്യകൃതികളോ ചോദ്യാവലിയോ ലഘുലേഖകളോ പത്രക്കുറിപ്പുകളോ അച്ചടിച്ചതോ മറ്റോ ആയ ഏതെങ്കിലും വിഷയങ്ങളോ സ്പീക്കറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വിതരണം ചെയ്യാന്‍ പാടില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സിനുള്ളില്‍ പ്ലക്കാര്‍ഡുകളും കര്‍ശനമായി നിരോധിച്ചതായി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.പാര്‍ലമെന്റ് കോംപ്ലക്സിനുള്ളില്‍ പ്രകടനങ്ങളും ധര്‍ണകളും വിലക്കി നേരത്തെ രാജ്യസഭാ സെക്രട്ടേറിയറ്റ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് കൂടി വരുന്നത്.
പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നത് പലപ്പോഴും സഭാ സമ്മേളനങ്ങളില്‍ കാണാം. ചില അവസരങ്ങളില്‍ പ്ലക്കാര്‍ഡുകളും ലഘുലേഖകളും വലിച്ചുകീറുകയും ഡയസിലേക്ക് എറിയുകയും ചെയ്യാറുണ്ട്.