ചണ്ഡിഗഡ്: കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ ഒരു പാഠം പഠിപ്പിക്കുന്നതിനായി 2018ല്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ്. പഞ്ചാബി ഗായകന്‍ സിദ്ദു മൂസെ വാലയെ വധിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് ബിഷ്ണോയ് ഇക്കാര്യം വെളിപ്പെടുത്തിയത്. സല്‍മാന്‍ ഖാനെ കൊലപ്പെടുത്താനായി ഗുണ്ടാസംഘാംഗം സമ്പത്ത് നെഹ്റയെ മുംബൈയിലേക്ക് അയച്ചു. ഇയാളുടെ കൈയില്‍ ഒരു പിസ്റ്റള്‍ മാത്രമാണുണ്ടായിരുന്നത്. അകലെ നിന്ന് വെടിവയ്ക്കുന്നതിനുള്ള ആയുധം ഇല്ലായിരുന്നു. ഇതോടെ 4 ലക്ഷം രൂപ മുടക്കി ഒരു പ്രത്യേക റൈഫിള്‍ വാങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, ഓര്‍ഡര്‍ ലഭിച്ചയാളില്‍ നിന്ന് പോലീസ് ഈ റൈഫിള്‍ പിടിച്ചെടുത്തതോടെ വധശ്രമനീക്കം പാളി- ലോറന്‍സ് ബിഷ്ണോയ് പറഞ്ഞു. ബിഷ്ണോയിയുടെ സംഘത്തില്‍ നിന്നു സല്‍മാന്‍ ഖാനു വധഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. രാജസ്ഥാനില്‍വച്ചു രണ്ടു കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നെന്ന കേസില്‍ ജോധ്പുര്‍ കോടതി 2018-ല്‍ സല്‍മാന്‍ ഖാനെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു.