ലണ്ടന്‍: ഉള്‍പാര്‍ട്ടി കലാപത്തേത്തുടര്ന്ന് രാജിവയ്ക്കേണ്ടിവന്ന ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത് മുന്‍ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിന്.ഒരിക്കല്‍ ഇന്ത്യയടക്കമുള്ള കോളനി രാജ്യങ്ങളെ അടക്കിഭരിച്ച ബ്രിട്ടന്റെ ഭരണചക്രം കൈയാളാന്‍ ഋഷിക്കു മുന്നിലുള്ള കടമ്പ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ സ്ഥാനാര്‍ഥിത്വ അംഗീകാരമാണ്. പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനായുള്ള പത്രികാസമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ എം.പിമാരുടെ പിന്തുണയുള്ളത് ഋഷിക്കാണ്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അതിന്റെ പാര്‍ലമെന്ററി നേതാവിനെ തെരഞ്ഞെടുക്കുന്നത് 1922 സമിതി മുഖേനയാണ്. മറ്റ് ഭരണപദവികള്‍ വഹിക്കാത്ത സാധാരണ എം.പിമാര്‍ (ബാക്ക് ബെഞ്ചേഴ്സ്) ഉള്‍പ്പെട്ട 1922 സമിതിക്കാണു പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാനും നിലവിലുള്ള നേതാവിനെതിരേ വിശ്വാസപ്രമേയം കൊണ്ടുവരാനുമുള്ള അധികാരം. നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി എം.പിമാരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെട്ട മൂന്നുഘട്ടങ്ങളാണ് നിലവിലുള്ളത്- നാമനിര്‍ദേശം, തള്ളിക്കളയല്‍, അന്തിമതെരഞ്ഞെടുപ്പ്. നേതൃപദവിയിലേക്ക് ഏത് എം.പിക്കും നാമനിര്‍ദേശം സമര്‍പ്പിക്കാം. കുറഞ്ഞത് 20 എം.പിമാര്‍ ഒപ്പിട്ട നാമനിര്‍ദേശപത്രിക സമിതി അധ്യക്ഷനാണ് (നിലവില്‍ സര് ഗ്രഹാം ബാര്‍ഡി) സമര്‍പ്പിക്കേണ്ടത്.പത്രികാസമര്‍പ്പണത്തിനുള്ള അവസാനതീയതി കഴിഞ്ഞ 12 ആയിരുന്നു. കുറഞ്ഞത് 20 എം.പിമാരുടെ പിന്തുണയെന്ന നിബന്ധനയനുസരിച്ച് എട്ട് മത്സരാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ കഴിയും. നിലവില്‍ പത്രിക സമര്‍പ്പിച്ചവരില്‍ ഏറ്റവും കൂടുതല്‍ എം.പിമാരുടെ പിന്തുണ ഋഷി സുനകിനാണ്.

