സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൊണ്ടുവന്ന സബ്മിഷന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. സബ്മിഷന് അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി പി.രാജീവ് ക്രമപ്രശ്നം ഉന്നയിച്ചു. യുഎഇ കോൺസുലേറ്റ് കേരളത്തിന്റെ പ്രാഥമിക പരിഗണനയിൽ വരാത്തതാണ് എന്ന സാങ്കേതിക പ്രശ്നം ഉള്ളതിനാൽ സബ്മിഷൻ അംഗീകരിക്കാൻ കഴിയില്ലെന്നും ഒരിക്കൽ അനുവദിച്ചാൽ അത് കീഴ്‌വഴക്കമായി മാറുമെന്നും സ്പീക്കർ എം.ബി.രാജേഷ് ചൂണ്ടിക്കാട്ടി. രൂക്ഷമായ വാക്കുതർക്കത്തിനൊടുവിൽ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കോൺസുലേറ്റ് കേന്ദ്ര ലിസ്റ്റിലായതിനാൽ സബ്‌മിഷൻ നോട്ടിസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. കോൺസുലേറ്റ് പിരിച്ചു വിടണമെന്നല്ല സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് വി.ഡി.സതീശൻ തിരിച്ചടിച്ചു. സഭയിൽ നടന്നത് നാടകമാണ്. സംസ്ഥാനത്ത് നടന്ന ഗൗരവകരമായ വിഷയമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ആരാണ് വിദേശത്ത് നിന്ന് സ്വർണം കൊണ്ടുവന്നത് എന്ന ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുന്നില്ല. മുഖ്യമന്ത്രി ഭയപ്പെടുന്നതുകൊണ്ടാണ് സ്പീക്കർ അംഗീകരിച്ച് ലിസ്റ്റ് ചെയ്ത സബ്മിഷൻ ചർച്ച ചെയ്യാതെ ഒളിച്ചോടുന്നതെന്നും സതീശൻ പറഞ്ഞു.

കോൺസുലേറ്റ് എന്ന പദം പറയരുതെന്ന് ഏതു നിയമത്തിലാണ് ഉള്ളതെന്ന് വി.ഡി.സതീശൻ ചോദിച്ചു. സർക്കാരാണ് സിബിഐ അന്വേഷണത്തിന് അനുമതി നൽകേണ്ടത്. ഗൗരവമായ ചോദ്യം ഉയരുന്ന, രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കേസാണിത്. മടിയിൽ കനമില്ലെന്ന് തെളിയിക്കാൻ സിബിഐ അന്വേഷണം നടത്തണം. അല്ലാതെ മടിയിൽ കനമില്ലാത്തവനു വഴിയിൽ ഭയമില്ലെന്ന് പറഞ്ഞിട്ടു കാര്യമില്ല. മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടുകയാണു ചെയ്തതെന്നും സതീശൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ നടക്കാൻ പാടില്ലാത്തതു പലതും സംഭവിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അഭിപ്രായപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു പ്രതിപക്ഷം സബ്‍മിഷനു ശ്രമിച്ചത്. കോൺസുലേറ്റിൽ നടന്ന കാര്യങ്ങളെക്കുറിച്ചു വിദേശകാര്യ മന്ത്രാലയത്തിനു വ്യക്തമായ അറിവുണ്ട്. പ്രോട്ടോക്കോൾ ലംഘനങ്ങളും ഉണ്ടായി. സർക്കാർ ആയാലും ഉദ്യോഗസ്ഥരായാലും നിയമനത്തിനു വിധേയമായി പ്രവർത്തിക്കണമായിരുന്നു. കേസിൽ വൈകാതെ സത്യം പുറത്തുവരുമെന്നും ജയശങ്കർ പറഞ്ഞിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →