കൊച്ചി : കൊച്ചിയിൽ സംഗീത എന്ന ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സുമേഷ്, ഭർതൃമാതാവ് രമണി,ഭർതൃ സഹോദരന്റെ ഭാര്യ മനീഷ എന്നിവർ അറസ്റ്റിൽ. സുമേഷിന്റെ അമ്മ രമണിയെയും, സഹോദരന്റെ ഭാര്യ മനീഷയെയും കുന്നംകുളത്തെ വീട്ടിൽ നിന്ന് 2022 ജൂലൈ 12 ന് വൈകീട്ടോടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ സുമേഷ് സെൻട്രൽ പൊലീസിന് മുൻപാകെ കീഴടങ്ങുകയായിരുന്നു.
2022 ജൂൺ ഒന്നിനാണ് സംഗീത ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവും, സ്ത്രീധനപീഡനവുമാണ് മകളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
2020 സെപ്റ്റംബറിലാണ് തൃശൂർ സ്വദേശിയായ സുമേഷും സംഗീതയും വിവാഹിതരാകുന്നത്. അതിന് ശേഷം തൃശൂർ കുന്നംകുളത്തെ സുമേഷിന്റെ വീട്ടിൽ വെച്ച് കുടുംബാംഗങ്ങളിൽ നിന്നും ജാതി അധിക്ഷേപവും മാനസിക പീഡനവും സംഗീതക്ക് അനുഭവിക്കേണ്ടി വന്നു പ്രതീക്ഷിച്ചത്ര സ്ത്രീധനം കിട്ടിയില്ലെന്നതായിരുന്നു പീഡനങ്ങളുടെ ആദ്യ കാരണം. പുലയ സമുദായ അംഗമായ സംഗീതയെ ഉൾക്കൊള്ളാൻ ഈഴവ സമുദായത്തിൽപ്പെട്ട സുമേഷിന്റെ വീട്ടുകാർ തയ്യാറായിരുന്നില്ലെന്നതും പിന്നീട് വ്യക്തമായി.
‘പിന്നീട്, സുമേഷും സംഗീതയും കൊച്ചിയിലെ വാടകവീട്ടിലേക്ക് താമസം മാറിയെങ്കിലും സ്ത്രീധനത്തിന്റെ പേരിൽ സമ്മർദ്ദം തുടർന്നു. സ്ത്രീധനം തന്നില്ലെങ്കിൽ ബന്ധം വിട്ടൊഴിയുമെന്നായിരുന്നു സുമേഷിന്റെ ഭീഷണി. ഇതിനിടയിൽ സംഗീത ഗർഭിണിയായി. എന്നാൽ ഗർഭാവസ്ഥയിൽ അഞ്ചാം മാസത്തിൽ കുഞ്ഞ് മരിച്ചു. ഇതോടെ സുമേഷിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും അധിക്ഷേപം വർധിച്ചു. ഒടുവിൽ സഹിക്കവയ്യാതെ ഒരു സാരിത്തുമ്പിൽ സംഗീത ജീവനൊടുക്കുകയായിരുന്നു

