‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ലഭിക്കുന്ന ഭൂമിയുടെ ഉപയുക്തത സംബന്ധിച്ച് മാർ​ഗരേഖ തയാറായി

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂമിയില്ലാത്ത ഭവനരഹിതർക്ക് വീട് വെക്കാനുള്ള‍ ഭൂമി കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ലഭ്യമാകുന്ന ഭൂമിയുടെ ഉപയുക്തത സംബന്ധിച്ച് മാർഗരേഖ പുറത്തിറക്കി. ഭൂമിയുടെ യോഗ്യതാനിർണയം, അനുയോജ്യത, രജിസ്ട്രേഷൻ വ്യവസ്ഥകൾ, ഭൂമി നൽകുന്നതിനുള്ള നടപടികൾ, ഭൂമി നിരാകരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചാണ് മാർഗരേഖ.ക്യാമ്പയിൻ വിജയത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് തദ്ദേശസ്വയംഭരണമന്ത്രി എം.വി. ​ഗോവിന്ദൻ ആഹ്വാനം ചെയ്തു.

‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനായി ഇതിനകം സംസ്ഥാനത്ത് 1076 സെൻറ് സ്ഥലമാണ് ലഭിച്ചത്. ഇതിന് പുറമേ 696 സെൻറ് ഭൂമി വാഗ്ഗാനം ചെയ്യപ്പെട്ടിട്ടുമുണ്ട്. രണ്ട് രീതിയിൽ ഭൂമി സംഭാവന ചെയ്യുമ്പോൾ രജിസ്ട്രേഷൻ നടത്താനാകും. ഭൂദാതാവിന് നേരിട്ട് ഭൂരഹിത ഭവനരഹിത ലൈഫ് പദ്ധതി ഗുണഭോക്താവിൻറെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യാം. തദ്ദേശസ്ഥാപനങ്ങൾക്കാണ് ഭൂമി നൽകുന്നതെങ്കിൽ സ്ഥാപന സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്തുനൽകണം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അനുബന്ധ ചെലവുകൾ തദ്ദേശ ഭരണ സ്ഥാപനം വഹിക്കും. ലഭിച്ച ഭൂമിയും ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ എണ്ണവും തദ്ദേശ സ്ഥാപനത്തിന് ലഭ്യമായ ഫണ്ടും പരിഗണിച്ച് വ്യക്തി​ഗതമായ വീടോ ഭവന സമുച്ചയമോ ക്ലസ്റ്റർ ഹോമോ നിർമ്മിക്കാൻ തദ്ദേശ സ്ഥാപനം തീരുമാനിക്കും.

വ്യക്തിപരമായ വീടുകൾക്കായി ഗുണഭോക്താക്കൾക്ക് പരമാവധി മൂന്ന് സെൻറ് വീതം വീതിച്ച് നൽകാൻ അനുവാദമുണ്ട്. റോഡ്, കുടിവെള്ളം, വൈദ്യുതി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രദേശത്തേക്ക് തദ്ദേശസ്ഥാപനം ഉറപ്പുവരുത്തും. ഗുണഭോക്താക്കളെ ലൈഫ് പട്ടികയിൽ നിന്ന് മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കും. വ്യക്തിഗത ഭവനങ്ങൾക്കായി നൽകുന്നുണ്ടെങ്കിൽ മാത്രമേ രജിസ്ട്രേഷൻ ആവശ്യമുള്ളൂ. ലൈഫ് പദ്ധതിക്കും ലൈഫ് ഗുണഭോക്താക്കൾക്കും രജിസ്റ്റർ ചെയ്തുകൊടുക്കുന്ന ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയിട്ടുണ്ട്. ലഭ്യമാകുന്ന ഭൂമി ഗുണഭോക്താവിനും ഗുണഭോക്താവിൻറെ അവകാശികൾക്കും ജീവിതാവസാനം വരെ അവകാശം ഉണ്ടായിരിക്കും. ഭൂമി അനന്തരാവകാശികൾക്ക് മാത്രമേ കൈമാറ്റം ചെയ്യാൻ പാടുള്ളൂ എന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ലംഘിച്ചാലോ അനന്തരവകാശികൾ ഇല്ലെങ്കിലോ സ്ഥലം തദ്ദേശസ്ഥാപനത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയും രജിസ്ട്രേഷനിൽ ഉൾപ്പെടുത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →